ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് ഷാഫിയും ഡീനും; കല്ലറയിൽ എത്തി പ്രാർഥിച്ചു
Wednesday, June 5, 2024 8:00 PM IST
കോട്ടയം: പുതുപ്പള്ളി പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറിയിൽ എത്തി പ്രാർഥിച്ച് കോൺഗ്രസിന്റെ യുവ നേതാക്കളായ ഷാഫി പറമ്പിലും ഡീൻ കുര്യാക്കോസും. തന്നെ ഉമ്മൻ ചാണ്ടിയുമായി താരതമ്യം ചെയ്ത് നടത്തുന്ന വിലയിരുത്തലുകൾ വിവരക്കേടാണെന്ന് ഷാഫി പ്രതികരിച്ചു.
അദ്ദേഹത്തെപ്പോലെ ആകാൻ ആർക്കും സാധിക്കില്ല. ഉമ്മൻ ചാണ്ടിയെപ്പോലെ മറ്റൊരാൾ ഇല്ല. തങ്ങളൊക്കെ അദ്ദേഹത്തിന്റെ പാത പിന്തുടരാൻ ആഗ്രഹിക്കുന്നവരാണെന്നും മറിച്ചുള്ള താരതമ്യങ്ങൾക്ക് അടിസ്ഥാനമില്ല.
തന്റെ വിജയത്തോടെ ഒഴിവ് വരുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി വിജയിക്കും. ആരായിരിക്കും സ്ഥാനാർഥി എന്ന ചോദ്യത്തോട് അത് പാർട്ടി നിശ്ചയിക്കുമെന്നും ചിലപ്പോൾ ജില്ലക്കാരൻ ആകുമെന്നും ചിലപ്പോൾ മറ്റ് ജില്ലകളിൽ നിന്ന് ആകുമെന്നും എന്തായാലും ഒരു മലയാളി ആയിരിക്കുമെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.
ഇടുക്കി എംപി ഡീൻ കുര്യാക്കോസും രാവിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എത്തി പുഷ്പ്പാർച്ച നടത്തി പ്രാർഥിച്ചു. എംഎൽഎമാരായ ചാണ്ടി ഉമ്മൻ, പി.സി.വിഷ്ണുനാഥ്, മുതിർന്ന കോൺഗ്രസ് നേതാക്കളായ കെ.സി.ജോസഫ്, ജോഷി ഫിലിപ്പ്, യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങി നിരവധി നേതാക്കളും പ്രവർത്തകരും ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എത്തിയിരുന്നു.