പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; യുവതി കേരളം വിട്ടെന്ന് സൂചന
Wednesday, June 12, 2024 8:26 PM IST
കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പരാതിക്കാരിയായ പെൺകുട്ടി സംസ്ഥാനം വിട്ടതായി സൂചന. യുവതിയുടെ അവസാന ടവർ ലൊക്കേഷൻ ലഭിച്ചത് ഡൽഹിയിൽ നിന്നാണെന്ന് പോലീസ് പറഞ്ഞു.
യുവതിക്ക് പാസ്പോർട്ട് ഇല്ലാത്തതിനാൽ രാജ്യം വിടാൻ സാധ്യതയില്ലെന്നാണ് നിഗമനം. കഴിഞ്ഞ ഏഴാം തിയതിയാണ് യുവതി ഓഫീസിൽ ഒടുവിൽ എത്തിയത്. ലാപ്ടോപ് എടുത്തു കുടുംബത്തോടൊപ്പം യാത്ര പോകാൻ ലീവ് ആവശ്യപ്പെട്ടിരുന്നു. താൻ വീട് വിട്ട് പോകുന്നതായി യുവതി പിതാവിനെ അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് യുവതി ഭർത്താവ് രാഹുൽ പി.ഗോപാലിനെ പിന്തുണച്ച് വീഡിയോയുമായി രംഗത്തെത്തിയത്. രാഹുലോ കുടുംബമോ ഒരിക്കൽപോലും സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്നും കൊല്ലാൻ ശ്രമിച്ചിട്ടില്ലെന്നും സ്വന്തം വീട്ടുക്കാരുടെ സമ്മർദത്തെ തുടർന്നാണ് അപ്രകാരം മൊഴി നൽകേണ്ടി വന്നതെന്നും യുവതി പറയുന്നു. ഏറെ വിവാദമുണ്ടാക്കിയ കേസ് ഇതോടെ പുതിയ വഴിത്തിരിവിലെത്തി. കുറ്റബോധമുണ്ടെന്ന് പറഞ്ഞാണ് യുവതി സമൂഹമാധ്യമത്തിൽ വിഡിയോ പങ്കുവച്ചത്.