സർക്കാരിന് ജനങ്ങൾ പ്രതീക്ഷിക്കുന്ന മികവ് വേണം: ബിനോയ് വിശ്വം
Wednesday, June 12, 2024 10:31 PM IST
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം നേരിട്ട പരാജയത്തിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പരാജയത്തെ ന്യായീകരിക്കില്ലെന്നും തിരുത്തൽ വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
കണക്കുകളോ വിശകലനങ്ങളോ കൊണ്ട് പരാജയത്തെ വിജയമാക്കി മറ്റാനാവില്ല. സർക്കാരിന് ജനങ്ങൾ പ്രതീക്ഷിക്കുന്ന മികവ് വേണമെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങൾ പറയുന്നത് മാറ്റം വേണമെന്നാണ്.
എല്ലാ കുറ്റവും സിപിഎമ്മിന് ആണെന്ന ചിന്ത സിപിഐക്ക് ഇല്ല. കൂട്ടായി തിരുത്തി മുന്നേറും. ഭരണവിരുദ്ധ വികാരത്തിന് കാരണം സാമ്പത്തിക പ്രതിസന്ധിയാണെന്നും കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം സിപിഐയിൽ പ്രശ്നങ്ങളില്ലെന്നും പ്രശ്നമെന്ന് വരുത്തി തീർക്കാനാണ് പലരും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ തർക്കമല്ല ചർച്ചയാണ് ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.