ഐസ്ക്രീമില് വിരല്‍ കണ്ടെത്തിയ സംഭവം: ഫാക്ടറി പൂട്ടിച്ച് പോലീസ്
Monday, June 17, 2024 4:32 AM IST
മുംബൈ: ഐസ്ക്രീമിനൊപ്പം വിരല്‍ കണ്ടെത്തിയ സംഭവത്തെ തുടർന്ന് ഐസ്ക്രീം ഉൽപ്പാദിപ്പിക്കുന്ന ഫോർച്യൂണ്‍ ഡയറിയുടെ ഫാക്ടറി അടച്ചുപൂട്ടാൻ ഭക്ഷ്യ സുരക്ഷാ വിഭാഗം ഉത്തരവ്.
മുംബൈയില്‍ താമസിക്കുന്ന 26 കാരനായ ബ്രൻഡൻ ഫെറാറോ എന്ന ഡോക്ടർ വാങ്ങിയ യമ്മോ ഐസ്ക്രീമിന്റെ ബട്ടർ സ്കോച്ചിലാണ് മനുഷ്യവിരല്‍ കണ്ടെത്തിയത്. അദ്ദേഹം ഉടന്‍ മലാഡ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
യമ്മോ ഐസ്ക്രീമിന്റെ നിർമാതാക്കളായ വാക്കോ ക്യൂഎസ്ആർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കുവേണ്ടി ഐസ്ക്രീം നിർമിക്കുന്നത് പുണെ ആസ്ഥാനമായ ഫോർച്യൂണ്‍ ഡയറിയാണ്. അവരുടെ ഇന്ദ്രാപൂർ ഫാക്ടറിയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പൂട്ടിച്ചത്. ഫോർച്യൂണിന്റെ ഫാക്ടറിയില്‍ മുംബൈ പോലീസ് പരിശോധന നടത്തിയിരുന്നു.
ഓണ്‍ലൈൻ ഡെലിവറി ആപ്പായ സെപ്റ്റോ വഴിയാണ് മുംബൈ മലാഡിലെ ഡോക്ടറുടെ കുടുംബം ഐസ്ക്രീം ഓർഡർ ചെയ്തത്. ഡോക്ടർ ഇത് കഴിക്കുമ്പോള്‍ കട്ടിയുള്ള എന്തോ വസ്തുവില്‍ കടിച്ചെന്ന് തോന്നി.
വിരല്‍ കണ്ടതോടെയാണ് പോലീസില്‍ വിവരം നല്‍കിയത്. തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിരല്‍ ഫോറൻസിക് പരിശോധനക്ക് അയച്ചിട്ടുണ്ട്.