തോല്‍വി, ഉപതെരഞ്ഞെടുപ്പ്; കെപിസിസി-യുഡിഎഫ് നേതൃയോഗങ്ങളില്‍ ഇന്ന് ചര്‍ച്ച
Thursday, June 20, 2024 8:26 AM IST
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ കെപിസിസി - യുഡിഎഫ് യോഗങ്ങള്‍ വ്യാഴാഴ്ച ചേരും. തൃശൂര്‍, ആലത്തൂര്‍ മണ്ഡലങ്ങളിലെ തോല്‍വി ചര്‍ച്ചയാകും. തൃശൂരിലെ തോല്‍വിയില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച കെ. മുരളീധരനെ യോഗം കേള്‍ക്കും.
വരാനിരിക്കുന്ന വയനാട്, ചേലക്കര, പാലക്കാട് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പും ചര്‍ച്ചയാകും. ഇതിന് പുറമെ സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള സമരപരിപാടികള്‍ക്കും യോഗം രൂപം നല്‍കും. മാസപ്പടി വിവാദം, ബാര്‍കോഴ വിവാദവും രാഷ്ട്രീയ ആയുധമാക്കാനാണ് നീക്കം.
രാവിലെ കെപിസിസി ആസ്ഥാനത്ത് നടക്കുന്ന യോഗത്തില്‍ കെപിസിസി ഭാരവാഹികള്‍, നിര്‍വാഹകസമിതി അംഗങ്ങള്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവർ പങ്കെടുക്കും. വൈകുന്നേരം അഞ്ചരയ്ക്ക് യുഡിഎഫ് ഏകോപന സമിതിയുടെയും എംപിമാരുടെയും സംയുക്ത യോഗം പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ ചേരും.
തൃശൂരിലെ തോല്‍വിക്ക് പിന്നാലെ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ച മുരളീധരനെ സംഘടനാതലത്തില്‍ പരിഗണിക്കണമെന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്നേക്കും. എന്നാല്‍ മുരളീധരന് യോഗത്തില്‍ പങ്കെടുക്കുമോ എന്നതില്‍ വ്യക്തതയില്ല.