രാജിവയ്ക്കില്ല, നിരപരാധിയെന്ന് സിപിഎമ്മിനെ ബോധ്യപ്പെടുത്തും: തൊടുപുഴ നഗരസഭാ അധ്യക്ഷന്‍
Thursday, July 4, 2024 1:58 PM IST
ഇടുക്കി: തൊടുപുഴ നഗരസഭാ അധ്യക്ഷ പദം രാജിവയ്ക്കില്ലെന്ന് സനീഷ് ജോര്‍ജ്. താന്‍ നിരപരാധിയാണെന്നും ഇക്കാര്യം സിപിഎം നേതൃത്വത്തെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.രാജിവെച്ചാല്‍ അഴിമതിക്കാരനാണെന്ന് മുദ്രകുത്തപ്പെടും.
തനിക്കെതിരായ കേസില്‍ ഗൂഢാലോചനയുണ്ടോയെന്ന് ഇപ്പോള്‍ പറയുന്നില്ല. കൈക്കൂലി നല്കാന് പറഞ്ഞെന്ന ആരോപണത്തെ കുറിച്ച് ഒന്നും പറയുന്നില്ലെന്നും വിഷയം കോടതിയുടെ പരിഗണനയിലാണെന്നും സനീഷ് പ്രതികരിച്ചു.
തൊടുപുഴ കുമ്മങ്കലിലെ എല്‍പിസ്കൂള്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കൈക്കൂലി കേസില്‍ സനീഷിനെ വിജിലന്‍സ് രണ്ടാം പ്രതിയാക്കിയിരുന്നു. കഴിഞ്ഞായഴ്ച നഗരസഭ ഓഫീസില്‍ നടന്ന റെയ്ഡില്‍ കൈക്കൂലി വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ,അസിസ്റ്റന്റ് എന്‍ജിനീയര്‍ പിടിയിലായിരുന്നു. ഇയാള്‍ക്ക് കൈക്കൂലി നല്കാന് പ്രേരിപ്പിച്ചെന്ന കേസിലാണ് സനീഷ് ജോര്‍ജ് നിലവില്‍ പ്രതി ചേര്‍ക്കപ്പെട്ടത്.
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രണ്ടുതവണ വിജിലന്‍സ് ആവശ്യപ്പെട്ടിട്ടും സനീഷ് സഹകരിച്ചില്ല. ആരോഗ്യ കാരണങ്ങളാല്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് അഭിഭാഷകന് മുഖേന അന്വേഷണ സംഘത്ത അറിയിക്കുകയായിരുന്നു. ഹാജരാകാന്‍ ഒരാഴ്ചത്തെ സാവകാശം വിജിലന്‍സ് സനീഷിന് നല്‍കിയിട്ടുണ്ട്.
അതിനിടെ സനീഷിന്റെ രാജിക്കായി ബിജെപിയും കോണ്‍ഗ്രസും സമരം തുടരുകയാണ്. എല്‍ഡിഎഫിലും സമ്മര്‍ദമുണ്ട്. രാജിവച്ച് വിജിലന്‍സ് അന്വേഷണം നേരിടാനാണ് എല്‍ഡിഎഫ് ജില്ലാ നേതൃത്വം നല്കിയ നിര്‍ദേശം. എന്നാല്‍ ഇതുപാലിക്കാതെ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ് സനീഷ്. 15 ദിവസത്തേക്ക് പകരം ചുമതല വൈസ് ചെയര്‍പേഴ്സണ്‍ കൈമാറിക്കൊണ്ട് കത്തും നല്‍കിയിരുന്നു.
നഗരസഭയില്‍ സ്വതന്ത്രനായി മത്സരിച്ചാണ് സനീഷ് ജോര്‍ജ് ജയിച്ചത്. എല്‍ഡിഎഫ് പിന്തുണയോടെയാണ് അദ്ദേഹം അധ്യക്ഷനായത്.