"400 സീറ്റ് കടന്നു, അങ്ങ് ബ്രിട്ടനിൽ...'- ബിജെപിയെ ട്രോളി തരൂർ
Saturday, July 6, 2024 12:19 PM IST
തിരുവനന്തപുരം: ബ്രിട്ടനിൽ തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി നേടിയ വിജയത്തിന്റെ പശ്ചാത്തലത്തിൽ ബിജെപിയെ പരിഹസിച്ച് കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ. ഒടുവിൽ അബ് കി ബാർ, 400 പാർ സംഭവിച്ചു, പക്ഷേ മറ്റൊരു രാജ്യത്ത്’ എന്നായിരുന്നു ശശി തരൂർ സോഷ്യൽ മീഡിയ ആയ എക്സിൽ കുറിച്ചത്.
ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ മുന്നണി 400 സീറ്റ് കടക്കുമെന്നായിരുന്നു ബിജെപിയുടെ അവകാശവാദം. അബ് കി ബാർ 400 പാർ എന്ന മുദ്രാവാക്യമാണ് ബിജെപി തെരഞ്ഞെടുപ്പിൽ ഉയർത്തിയിരുന്നത്. ഫലം വന്നപ്പോൾ 293 സീറ്റിലാണ് എൻഡിഎ വിജയിച്ചത്.
കഴിഞ്ഞ ദിവസം ബ്രിട്ടനിൽ നടന്ന തെരഞ്ഞെടുപ്പിൽ 650 സീറ്റില്‍ ലേബര്‍ പാര്‍ട്ടി 411 സീറ്റ് നേടി വൻവിജയത്തിലെത്തിയപ്പോൾ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 121 സീറ്റിലൊതുങ്ങി. ലേബർ പാർട്ടി നാനൂറിലധികം സീറ്റ് നേടിയത് പരാമർശിച്ചാണ് തരൂർ ബിജെപിക്കെതിരേ പരിഹാസവുമായി രംഗത്തെത്തിയത്.