പിഎസ്സി കോഴ വിവാദം; പണം തിരികെ ലഭിച്ചു, പരാതിയില്ലെന്ന് ആരോപണം ഉന്നയിച്ച ഡോക്ടറുടെ ഭർത്താവ്
Wednesday, July 10, 2024 8:37 PM IST
കോഴിക്കോട്: പിഎസ്സി അംഗത്വം ലഭിക്കുന്നതിന് കോഴയായി വാങ്ങിയ പണം പ്രമോദ് കോട്ടൂളി തിരിച്ച് നൽകിയെന്ന് ആരോപണം ഉന്നയിച്ച ഡോക്ടറുടെ ഭർത്താവ്. 20 ലക്ഷം രൂപ തിരികെ ലഭിച്ചതായാണ് പരാതിക്കാരിയുടെ ഭർത്താവ് അറിയിച്ചത്. പണം തിരികെ കിട്ടിയതിനാല്‍ പരാതി ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രി മുഹമ്മദ് റിയാസ് വഴി പിഎസ്സി അംഗത്വം സംഘടിപ്പിച്ച് നൽകാമെന്ന് വാദ്ഗാനം ചെയ്തായിരുന്നു കോഴ വാങ്ങിയത്. കോഴിക്കോട്ടെ യുവ നേതാവ് 22 ലക്ഷം രൂപയാണ് ഇവരിൽനിന്ന് ഇതിനായി കൈപ്പറ്റിയത്.
എന്നാൽ പണം നൽകിയിട്ടും പിഎസ്സി അംഗത്വം ലഭിച്ചില്ല. തുടർന്ന് ആയുഷ് വകുപ്പിൽ ഉന്നത പദവി നൽകാമെന്ന് പറഞ്ഞ് അനുനയിപ്പിച്ച് അതും നടക്കാതായതോടെയാണ് ഇവർ ഇക്കാര്യം പുറത്തുവിട്ടത്.
സംഭവത്തിന്റെ ശബ്ദ രേഖയടക്കമാണ് ഇവര്‍ പാര്‍ട്ടിക്ക് പരാതി നൽകിയത്. തുടർന്ന് സിപിഎം നടത്തിയ അന്വേഷണത്തിൽ ആരോപണം ശരിയാണെന്ന് കണ്ടെത്തിയിരുന്നു. കോഴിക്കോട്ടെ ഏരിയ സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന യുവ നേതാവിനെതിരെയാണ് പരാതി ഉയർന്നത്.