വിദേശ സന്ദർശനം പൂർത്തിയായി; പ്രധാനമന്ത്രി ഇന്ത്യയിലേക്കു മടങ്ങി
Thursday, July 11, 2024 6:09 AM IST
ന്യൂഡൽഹി: മൂന്ന് ദിവസത്തെ റഷ്യ, ഓസ്ട്രിയ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്കു മടങ്ങി. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ഉഭയകക്ഷി സന്ദർശനമാണിത്.
ഓസ്ട്രിയൻ ചാൻസലർ, സർക്കാർ, ആളുകൾ എന്നിവരുടെ ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യമര്യാദയ്ക്കും അദ്ദേഹം എക്സിലൂടെ നന്ദി അറിയിച്ചു. സന്ദർശനം ചരിത്രപരമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
41 വർഷത്തിന് ഇടയിൽ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദർശിക്കുന്നത്. ഇന്ദിരാ ഗാന്ധിയാണ് ഇതിന് മുൻപ് ഓസ്ട്രിയ സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി.
അതേസമയം, റഷ്യൻ സന്ദർശനത്തിനിടെ റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് സെന്റ് ആൻഡ്രു ദ അപ്പൊസ്തൽ’ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ സമ്മാനിച്ചു.
ക്രെംലിനിലെ സെന്റ് ആൻഡ്രു ഹാളിൽ നടന്ന ചടങ്ങിലായിരുന്നു പുരസ്കാരം സമ്മാനിച്ചത്. 1698ൽ ആരംഭിച്ച ഈ അവാർഡ് നേടുന്ന ആദ്യ ഇന്ത്യക്കാരനാണു നരേന്ദ്ര മോദി. ക്രിസ്തുശിഷ്യനും റഷ്യയുടെ മധ്യസ്ഥനുമായ വിശുദ്ധ അന്ത്രയോസ് ശ്ലീഹായുടെ പേരിലാണു പുരസ്കാരം. ഇന്ത്യയിലെ ജനങ്ങൾക്കു പുരസ്കാരം സമർപ്പിക്കുന്നുവെന്ന് മോദി എക്സിൽ കുറിച്ചിരുന്നു.