പതിനാലുകാരന്റെ തൂങ്ങി മരണം; ഓൺലൈൻ റമ്മികളിയുടെ ഇരയെന്നു പോലീസ്
Thursday, July 11, 2024 8:10 PM IST
തലശേരി: ധർമടത്ത് ഒമ്പതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയത് ഓൺലൈൻ ഗെയിമിലൂടെ പണം നഷ്ടപ്പെട്ടതുകൊണ്ടാണെന്ന് പോലീസ് റിപ്പോർട്ട്. ധർമടം എസ്ഐയുടെ നേതൃത്വത്തിൽ നടന്നുവരുന്ന അന്വേഷണത്തിലാണ് ഇതുസംബന്ധിച്ച സൂചനകൾ ലഭിച്ചിട്ടുള്ളത്.
പണം നഷ്ടപ്പെട്ടത് സംബന്ധിച്ച് കുട്ടി വീട്ടുകാർക്കയച്ച വോയ്സ് സന്ദേശം പോലീസ് കണ്ടെടുത്തു. അമ്മയുടെ അക്കൗണ്ടിൽനിന്നുള്ള പണമാണ് ഓൺലൈൻ റമ്മി കളിയിലൂടെ നഷ്ടപ്പെട്ടത്.
ധർമടം ഒഴയിൽ ഭാഗത്തെ പതിനാലുകാരനാണ് പെൺകുട്ടിയുടെ വസ്ത്രം ധരിച്ച് കഴിഞ്ഞ മാസം 28ന് രാത്രി തൂങ്ങി മരിച്ചത്. ഒഴയിൽ ഭാഗത്ത് ഇത്തരത്തിലുള്ള രണ്ടാമത്തെ മരണമാണ് സംഭവിച്ചിട്ടുള്ളത്. ഒരു വർഷം മുമ്പ് പതിനഞ്ചുകാരൻ മൊബൈൽ കളിച്ചുകൊണ്ടിരിക്കെ ക്ഷുഭിതനാകുകയും മൊബൈൽ എറിഞ്ഞുടച്ച ശേഷം മുറിയിൽ കയറി ജീവനൊടുക്കുകയുമായിരുന്നു.
ഇതിന് സമാനമായ തരത്തിലാണ് ഇപ്പോൾ പതിനാലുകാരനും ജീവനൊടുക്കിയത്. മരിച്ച രണ്ട് കുട്ടികളും ബന്ധുക്കളാണെന്ന പ്രത്യേകതയും ഉണ്ട്. രണ്ട് സംഭവത്തിലും ഓൺലൈൻ ഗെയിമിലൂടെ പണം നഷ്ടപ്പെട്ടിരുന്നു.
രണ്ട് കുട്ടികളുടെ സമാനമായ മരണം പ്രദേശത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. നിരവധി കുട്ടികൾ ഓൺലൈൻ ഗെയിമിനടിമപ്പെട്ട് മാനസിക വിഭ്രാന്തിയിലായിട്ടുള്ളതായുള്ള വിവരവും പുറത്തു വരുന്നുണ്ട്. ഇതേതുടർന്ന് മഹല്ല് കമ്മിറ്റി അടിയന്തര യോഗം ചേരുകയും പ്രദേശത്ത് ബോധവത്കരണ പരിപാടി സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.