പെരുമ്പാവൂരിലെ നിയമവിദ്യാർഥിയുടെ കൊലപാതകം; അമീറുൽ ഇസ്ലാം സുപ്രീംകോടതിയിൽ
Saturday, July 13, 2024 11:34 PM IST
ന്യൂഡൽഹി: പെരുമ്പാവൂരിലെ നിയമ വിദ്യാർഥിയെ കൊലപ്പെടുത്തിയ കേസിൽ അമീറുൽ ഇസ്ലാം വധശിക്ഷക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകി.
വധശിക്ഷയുടെ ഭരണഘടന സാധുതയും കൂടി ചോദ്യം ചെയ്താണ് ഹർജി നൽകിയത്. നിരപരാധിയെന്ന് തെളിക്കാൻ കഴിയുന്ന തെളിവുകളുണ്ടെന്നാണ് പ്രധാനമായും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.
അഭിഭാഷകരായ സതീഷ് മോഹനൻ, സുഭാഷ് ചന്ദ്രൻ, ശ്രീറാം പാറക്കാട്ട് എന്നിവരാണ് അമീറുലിന് വേണ്ടി ഹർജി സമർപ്പിച്ചത്.
നിയമവിദ്യാർഥിനി അതിക്രൂരമായി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതിക്ക് വിചാരണക്കോടതി നൽകിയ വധശിക്ഷ കഴിഞ്ഞ മേയ് 20 നാണ് ഹൈക്കോടതി ശരിവച്ചത്. അപൂർവങ്ങളിൽ അപൂർവമായ കേസെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ആസാം സ്വദേശി അമീറുൾ ഇസ്ലാമിനെ വധശിക്ഷക്ക് വിധിച്ചത്.