യൂറോയില്‍ ഇന്ന് കിരീടപ്പോരാട്ടം; നാലാം കിരീടം ലക്ഷ്യമിട്ട് സ്പെയിൻ, കന്നിക്കിരീടത്തിനായി ഇംഗ്ലണ്ട്
Sunday, July 14, 2024 12:28 PM IST
ബെർലിൻ: യൂറോപ്പിലെ കാൽപ്പന്ത് രാജാക്കന്മാരെ ഇന്നറിയാം. കേരളക്കര തിങ്കളാഴ്ച ഇരുട്ടിവെളുക്കുന്നത് യൂറോപ്പിന്റെ ഫുട്ബോൾ രാജാക്കന്മാരുടെ ആഘോഷത്തിമിർപ്പിലേക്കായിരിക്കും.
ഇന്ത്യൻ സമയം അർധരാത്രി 12.30ന് ബർലിൻ ഒളിന്പിക് സ്റ്റേഡിയത്തിൽ നടക്കുന്ന യൂറോ കപ്പ് ഫൈനലിൽ സ്പെയിനും ഇംഗ്ലണ്ടും കൊന്പുകോർക്കും. സോണി സ്പോര്‍ട്സ് നെറ്റ്വര്‍ക്കിലും സോണി ലിവിലും മത്സരം തത്സമയം കാണാനാവും.
സ്പെയിൻ നാലാം കിരീടം ലക്ഷ്യമിടുമ്പോൾ ഇംഗ്ലണ്ട് സ്വപ്നം കാണുന്നത് ആദ്യ യൂറോ കിരീടമാണ്. 2020 ഫൈനലിൽ പ്രവേശിച്ചതായിരുന്നു ഇംഗ്ലീഷ് പടയുടെ ഇതുവരെയുള്ള മികച്ച നേട്ടം. ഗാരെത് സൗത്ത്ഗേറ്റിന്റെ ശിക്ഷണത്തിൽ ഹാരി കെയ്ൻ, ബെല്ലിംഗ്ഗം, ഫിൽ ഫോഡൻ, ബുകായോ സാക്ക, കെയ്ൽ വാക്കർ, കിരണ്‍ ട്രിപ്പിയർ എന്നിങ്ങനെ നീളുന്നു ഇംഗ്ലീഷ് കരുത്ത്.
മറുവശത്ത് 2012നുശേഷം ഒരു പ്രമുഖ കിരീടമാണ് സ്പെയിൻ ലക്ഷ്യംവയ്ക്കുന്നത്. 1964, 2008, 2012 എന്നിങ്ങനെ മൂന്നു വർഷം സ്പെയിൻ യൂറോ ചാന്പ്യന്മാരായിട്ടുണ്ട്. ലൂയിസ് ഡെ ല ഫുന്റെയാണ് സ്പെയിനിന്റെ പരിശീലകൻ. ആൽവാരൊ മൊറാട്ട, നിക്കോ വില്യംസ്, ലമെയ്ൻ യമാൽ, ഡാനി ഓൾമോ, ഫെറാൻ റൂയിസ്, റോഡ്രി എന്നിങ്ങനെ നീളുന്ന പ്രതിഭാധനരാണ് സ്പെയിനിന്റെ ശക്തി.
രണ്ട് യുവതാരങ്ങളുടെ നേർക്കുനേർ ഏറ്റുമുട്ടൽകൂടിയാണ് ഈ ഫൈനൽ. സ്പെയിനിന്റെ പതിനേഴുകാരൻ ലമെയ്ൻ യമാലിന്റെയും ഇംഗ്ലണ്ടിന്റെ ഇരുപത്തൊന്നുകാരൻ ജൂഡ് ബെല്ലിംഗ്ഗമിന്റെയും.
2024 യൂറോയിൽ ബെല്ലിംഗ്ഗം ആറു മത്സരങ്ങളിൽനിന്ന് രണ്ട് ഗോൾ സ്വന്തമാക്കിയിട്ടുണ്ട്. പ്രീക്വാർട്ടറിൽ സ്ലോവാക്യക്കെതിരേ ഇഞ്ചുറി ടൈമിൽ ബൈസിക്കിൾ കിക്കിലൂടെ നേടിയ ഗോളാണ് ബെല്ലിംഗ്ഗമിന്റെ ക്ലാസ് തെളിയിച്ച നിമിഷം.
ശനിയാഴ്ച 17-ാം പിറന്നാൾ ആഘോഷിച്ച യമാൽ സെമിയിൽ ഫ്രാൻസിനെതിരേ 21-ാം മിനിറ്റിൽ നേടിയ ക്ലാസിക് ഗോളിലൂടെ തന്റെ ക്വാളിറ്റിയും വ്യക്തമാക്കിക്കഴിഞ്ഞു. ഈ യൂറോയിൽ ഒരു ഗോളും മൂന്ന് അസിസ്റ്റും യമാലിനുണ്ട്. ചുരുക്കത്തിൽ യമാലും ബെല്ലിംഗ്ഗമും ഇരുവശങ്ങളിലായി അണിനിരന്നു നയിക്കുന്ന യൂറോ യുദ്ധത്തിന്റെ ഫലം പ്രവചനാതീതമാണ്.