താമരശേരിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; രണ്ടു പേർ കസ്റ്റഡിയിൽ
Tuesday, July 16, 2024 12:59 AM IST
കോഴിക്കോട്: താമരശേരിയിൽ മൊബൈൽ ഷോപ്പ് ഉടമയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ രണ്ടു പേർ കസ്റ്റഡിയിൽ. ഒരു കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം.
അടിവാരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ മൊബൈല്‍ഷോപ്പ് ഉടമ ഹർഷാദിനെ കണ്ടെത്തിയിരുന്നു. വയനാട് വൈത്തിരിയിൽ നിന്നുമാണ് ഹർഷാദിനെ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘം വൈത്തിരിയിൽ ഹർഷാദിനെ ഇറക്കി വിടുകയായിരുന്നു.
കോഴിക്കോട് മൂഴിക്കലില്‍ മൊബൈല്‍ ഷോപ്പ് നടത്തിയിരുന്ന ചെറുപറ്റ സ്വദേശി ഹർഷാദിനെ വെള്ളിയാഴ്ച രാത്രിയാണ് കാണാതാവുന്നത്. അടിവാരത്തെ ഭാര്യവീട്ടിലായിരുന്ന ഹര്‍ഷദ് രാത്രി 12ഓടെ ആരുടെയോ ഫോണ്‍ വന്ന് പുറത്തേക്ക് പോയശേഷം തിരികെ വന്നില്ല.
ശനിയാഴ്ച രാവിലെയും രാത്രിയും ഭാര്യ ഫോണ്‍ വിളിച്ചപ്പോള്‍ മലപ്പുറത്താണെന്നും കൂടെയുള്ളവര്‍ പണം ആവശ്യപ്പെടുന്നുണ്ടെന്നുമായിരുന്നു മറുപടി. ഹർഷദിനെ തട്ടികൊണ്ടു പോയെന്ന് കാണിച്ച് ഭാര്യ ഷഹല താമരശേരി പോലീസില്‍ ശനിയാഴ്ച രാവിലെ പരാതി നൽകിയിരുന്നു.
ഹർഷദിന് കാരാടി സ്വദേശിയുമായി 10 ലക്ഷം രൂപയുടെ ഇടപാടുണ്ടായിരുന്നെന്നും ഇത് തിരികെ കിട്ടാനാകാം തട്ടികൊണ്ടു പോയതെന്നാണ് പോലീസിന്റെ നിഗമനം.