ജമ്മു കാഷ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; നാല് ജവാന്മാര്ക്ക് വീരമൃത്യു
Tuesday, July 16, 2024 8:54 AM IST
ശ്രീനഗർ: ജമ്മു കാഷ്മീരിലെ ദോഡ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് ജവാന്മാര്ക്ക് വീരമൃത്യു. ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ നാല് ജവാന്മാരാണ് വീരമൃത്യുവരിച്ചതെന്നാണ് റിപ്പോർട്ട്.
ദോഡ ടൗണില്‍നിന്ന് 55 കിലോമീറ്റര്‍ അകലെയുള്ള വനമേഖലയില്‍ ഭീകരര്‍ക്കുവേണ്ടി തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം.
പിന്നാലെ വനമേഖലയിലേക്ക് രക്ഷപ്പെട്ട ഭീകരരെ സുരക്ഷാസേന പിന്തുടര്ന്നു. ഇതിന് പിന്നാലെ വീണ്ടും ഏറ്റുമുട്ടലുണ്ടാവുകയായിരുന്നു.
പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. സ്ഥലത്ത് കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.