ഉയർന്ന തിരമാല, കടൽ പ്രക്ഷുബ്ധമാകും; കേരള തീരത്ത് പ്രത്യേക ജാഗ്രതാ നിർദേശം
Wednesday, July 17, 2024 4:01 PM IST
തിരുവനന്തപുരം: കേരള തീരത്ത് വ്യാഴാഴ്ച രാത്രി 11.30 വരെ 2.0 മുതൽ 3.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് തീരങ്ങൾക്ക് പ്രത്യേക ജാഗ്രത ആവശ്യമാണ്. ഉയർന്ന തിരമാലകളും, കടൽ കൂടുതൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതായി അറിയിച്ചിട്ടുണ്ട്.
തമിഴ്നാട് തീരത്ത് വ്യാഴാഴ്ച രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.
അതേസമയം, കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഞായറാഴ്ച വരെ കേരള -കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ശനിയാഴ്ച വരെ മധ്യ പടിഞ്ഞാറൻ അറബിക്കടൽ അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ അതിനോട് ചേർന്ന തെക്ക് കിഴക്കൻ അറബിക്കടലിന്റെ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
ഇന്ന് മധ്യ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ, വടക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
മധ്യ അറബിക്കടൽ, തെക്കൻ ബംഗാൾ ഉൾക്കടലിന്റെ തീരങ്ങൾ, മധ്യ ബംഗാൾ ഉൾക്കടൽ, ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്ന തെക്കൻ തമിഴ്നാട് തീരം, കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.