ഹോഡ്ജിന് സെഞ്ചുറി; ഇംഗ്ലണ്ടിനെതിരേ ലീഡിനായി വിൻഡീസ് പൊരുതുന്നു
Saturday, July 20, 2024 12:59 PM IST
നോട്ടിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്സിൽ വെസ്റ്റ് ഇൻഡീസ് ലീഡിനായി പൊരുതുന്നു. രണ്ടാംദിനം കളിനിർത്തുമ്പോള്‍ ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിംഗ്സ് സ്കോറായ 416 റൺസിനെതിരേ അഞ്ചിന് 351 എന്ന നിലയിലാണ് വിന്‍ഡീസ്.
കവെം ഹോഡ്ജ് (120), അലിക് അതനസെ (82) എന്നിവരുടെ പ്രകടനമാണ് സന്ദർശകർക്ക് മികച്ച സ്കോർ നല്‍കിയത്.
രണ്ടാമിന്നിംഗ്സിൽ ബാറ്റിംഗ് ആരംഭിച്ച വിൻഡീസിന്റെ തുടക്കം ഭേദപ്പെട്ടതായിരുന്നു. ഓപ്പണർമാരായ ക്രെയ്ഗ് ബ്രാത്വെയ്റ്റ് (48), മികെയ്ൽ ലൂയിസ് (21) എന്നിവർ ചേർന്ന് 53 റൺസ് കൂട്ടിച്ചേർത്തു.
ഇരുവരും പുറത്തായതിനു പിന്നാലെ കിർക് മക്കെൻസിയും (11) പെട്ടെന്ന് മടങ്ങിയതോടെ ഒരു ഘട്ടത്തില്‍ മൂന്നിന് 84 എന്ന നിലയിലായി വിന്‍ഡീസ്. പിന്നാലെ ക്രീസിൽ ഒന്നിച്ച ഹോഡ്ജ് - അതനസെ സഖ്യം 175 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
19 ഫോറുകള്‍ ഉള്‍പ്പെടുന്നതായിരുന്നു ഹോഡ്ജിന്റെ ഇന്നിംഗ്സ്. പത്ത് ഫോറും ഒരു സിക്സും ഉള്‍പ്പെടെ 84 റൺസുമായി അതനസെ ഹോഡ്ജിന് മികച്ച പിന്തുണ നല്കി. ഇരുവരും പുറത്തായതോടെ അഞ്ചിനു 305 റൺസെന്ന നിലയിലെത്തി വിൻഡീസ്. 23 റൺസുമായി ജേസൺ ഹോൾഡറും 32 റൺസുമായി ജോഷ്വ ഡാ സിൽവയുമാണ് ക്രീസിൽ.
ഇംഗ്ലണ്ടിനു വേണ്ടി ഷോയിബ് ബഷീർ രണ്ടുവിക്കറ്റും ക്രിസ് വോക്സ്, ഗസ് അറ്റ്കിൻസൺ, ബെൻ സ്റ്റോക്സ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തെ ഒല്ലി പോപ്പിന്റെ (121) സെഞ്ചുറി മികവിലാണ് ഇംഗ്ലണ്ട് മികച്ച സ്കോറിലെത്തിയത്. ബെന്‍ ഡക്കറ്റ് (71), ബെന്‍ സ്റ്റോക്സ് (69) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ മത്സരം ഇംഗ്ലണ്ട് ജയിച്ചിരുന്നു.