നിയമന തട്ടിപ്പ്: ആരോഗ്യവകുപ്പിനും മന്ത്രിയുടെ പിഎയ്ക്കും പങ്കില്ലെന്ന് കുറ്റപത്രം
Friday, July 26, 2024 11:24 AM IST
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഓഫീസിനെതിരായ കോഴ ആരോപണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കന്റോണ്‍മെന്റ് പോലീസാണ് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
ഡോക്ടറുടെ നിയമനത്തിന് വേണ്ടി ആരോഗ്യമന്ത്രിയുടെ പിഎ അഖില്‍ മാത്യു ഒന്നരലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു മലപ്പുറം സ്വദേശി ഹരിദാസിന്റെ ആരോപണം. തട്ടിപ്പില്‍ അഖില്‍ മാത്യുവിന് പങ്കില്ലെന്ന് കുറ്റപത്രം വ്യക്തമാക്കുന്നു. ആരോഗ്യവകുപ്പിനും തട്ടിപ്പില്‍ ബന്ധമില്ലെന്ന് കുറ്റപത്രത്തിൽ പറയുന്നു.
കെ.പി.ബാസിത്, ലെനിന് രാജ്, അഖില്‍ സജീവ് എന്നിവരടക്കം നാല് പേരെ പ്രതികളാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പരാതി നല്കിയ ഹരിദാസന് സാക്ഷിപ്പട്ടികയിലുണ്ട്.
കേസില്‍ രാഷ്ട്രീയ ഗൂഢാലോചനയില്ലെന്നും കുറ്റപത്രത്തിലുണ്ട്. തട്ടിപ്പ് നടത്തിയത് സാമ്പത്തിക ലാഭം ലക്ഷ്യമിട്ടാണെന്നാണ് കുറ്റപത്രം.
കെ.പി.ബാസിത് അടക്കമുള്ള പ്രതികൾ നടത്തിയ തട്ടിപ്പാണെന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിന് പണം നല്‍കിയിട്ടില്ല.
ഹരിദാസില്‍ നിന്ന് പണം തട്ടിയെടുക്കാനാണ് മന്ത്രിയുടെ ഓഫീസിന്റെ പേര് പറഞ്ഞതെന്ന് പ്രതി ബാസിത് പൊലീസിനോട് സമ്മതിച്ചിരുന്നു. മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ പേര് പരാതിയില്‍ എഴുതി ചേര്‍ത്തത് താനാണെന്നും ഇയാള്‍ സമ്മതിച്ചിരുന്നു.