നീറ്റ്: പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ കണ്ണൂർ സ്വദേശിയും
Friday, July 26, 2024 7:34 PM IST
ന്യൂഡൽഹി : പുതുക്കിയ നീറ്റ് യുജി റാങ്ക് പട്ടിക എൻടിഎ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. കണ്ണൂർ സ്വദേശിയടക്കം 17 പേർക്കാണ് പുതിയ പട്ടികയിൽ ഒന്നാം റാങ്ക് ലഭിച്ചത്. കണ്ണൂർ പള്ളിക്കര, പൊടിക്കുണ്ട് സ്വദേശി ശ്രീനന്ദ് ഷർമിളാണ് ഒന്നാം റാങ്ക് നേടിയ മലയാളി.
സുപ്രീംകോടതി ഇടപെടലിനെ തുടര്ന്നാണ് പട്ടിക പുതുക്കി പ്രസിദ്ധീകരിച്ചത്. പുതിയ പട്ടിക വന്നതോടെ 16000 വിദ്യാർഥികൾക്ക് മെഡിക്കൽ പ്രവേശനത്തിനുള്ള അവസരം ഇല്ലാതായി. തെറ്റായ ഉത്തരത്തിന് നൽകിയ മാർക്ക് കുറയ്ക്കാൻ നേരത്തെ സുപ്രീംകോടതി നിർദ്ദേശം നൽകിയിരുന്നു.
ഒരു ചോദ്യത്തിന്റെ രണ്ട് ഉത്തരങ്ങൾ ശരിയായി പരിഗണിച്ച നടപടിയാണ് സുപ്രീംകോടതി റദ്ദാക്കിയത്. ആദ്യം ഫലം വന്നപ്പോൾ ഒന്നാം റാങ്ക് നേടിയ 61 പേരിൽ നാല് മലയാളികളാണ് ഉണ്ടായിരുന്നത്. ചൊവ്വാഴ്ചയാണ് പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാൻ എൻടിഎയ്ക്ക് സുപ്രീംകോടതി നിർദേശം നൽകിയത്.
നാല് ലക്ഷം വിദ്യാർഥികളുടെ മാർക്കിലാണ് വ്യത്യാസം വന്നത്. ഒരു ചോദ്യത്തിന് രണ്ട് ഉത്തരങ്ങൾ പരിഗണിച്ച നടപടി റദ്ദാക്കിയ സുപ്രീംകോടതി തെറ്റായ ഉത്തരത്തിന് നൽകിയ മാർക്ക് കുറയ്ക്കാൻ നിർദ്ദേശിക്കുകയായിരുന്നു.
ആദ്യം പ്രസിദ്ധീകരിച്ച ഫലത്തിൽ മുഴുവൻ മാർക്കായ 720 ലഭിച്ചത് 61 വിദ്യാർഥികൾക്കായിരുന്നു. എന്നാൽ ഇവരിൽ 44 പേർ ഫിസിക്സിലെ തർക്കമുണ്ടായിരുന്ന ചോദ്യത്തിന് തെറ്റായ ഉത്തരമാണ് രേഖപ്പെടുത്തിയതെന്ന് ഐഐടി ഡൽഹി സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകി. ഇതോടെ ഈ 44 പേരുടെ മാർക്ക് 715 ആയി കുറഞ്ഞു.