നീതി ആയോഗ് വിവാദം; മമതാ ബാനർജി പറയുന്നത് കള്ളമെന്ന് നിർമല സീതാരാമൻ
Saturday, July 27, 2024 6:06 PM IST
ന്യൂഡൽഹി: നീതി ആയോഗ് യോഗത്തിൽ സംസാരിക്കാൻ അനുവദിച്ചില്ലെന്ന ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ആരോപണം തള്ളി കേന്ദ്രമന്ത്രി നിർമല സീതാരാമൻ. മമതാ ബാനർജി പറയുന്നത് കള്ളമാണെന്ന് നിർമല സീതാരാമൻ പറഞ്ഞു.
നീതി ആയോഗ് യോഗത്തിൽ മമത പങ്കെടുത്തിരുന്നു. എല്ലാവരും അവരെ കേട്ടു. ഓരോ മുഖ്യമന്ത്രിക്കും കൃത്യമായ സമയം അനുവദിച്ചിരുന്നു. അത് മുന്നിലുണ്ടായിരുന്ന സ്ക്രീനിൽ പ്രദർശിപ്പിക്കുകയും ചെയ്തു. മൈക്ക് ഓഫ് ചെയ്തുവെന്ന തരത്തിൽ അവർ മാധ്യമങ്ങളോട് പറയുന്നത് തീർത്തും തെറ്റായ കാര്യമാണ്. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് പുതിയ ആഖ്യാനങ്ങൾ സൃഷ്ടിക്കുന്നതിന് പകരം സത്യം പറയാൻ അവർ തയാറാകണമെന്ന് നിർമലാ സീതാരാമൻ ആവശ്യപ്പെട്ടു.
ക്രമമനുസരിച്ച് ഉച്ചഭക്ഷണത്തിന് ശേഷമായിരുന്നു മമതാ ബാനർജിയുടെ സംസാരിക്കാനുള്ള ഊഴം. എന്നാൽ, നേരത്തെ മടങ്ങണമെന്ന് അവർ അഭ്യർഥിച്ചതിന്റെ പശ്ചാത്തലത്തിൽ അവർ ഏഴാമതായി സംസാരിക്കുകയായിരുന്നുവെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, ബജറ്റ് വിവേചനപരമാണെന്നാരോപിച്ച് ഇന്ത്യാ മുന്നണിയുടെ മുഖ്യമന്ത്രിമാർ യോഗം ബഹിഷ്കരിച്ചിരുന്നു. മമതാ ബാനർജി മാത്രമാണ് യോഗത്തില്‍ പങ്കെടുത്ത ഏക ബിജെപി ഇതര മുഖ്യമന്ത്രി.
ബംഗാളിന് കേന്ദ്രഫണ്ട് നിഷേധിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാണിച്ചപ്പോഴാണ് മൈക്ക് മ്യൂട്ട് ചെയ്തതെന്ന് മമത പറഞ്ഞു. വെറും അഞ്ച് മിനിറ്റ് മാത്രമാണ് സംസാരിക്കാന്‍ അനുവദിച്ചത്. ചന്ദ്രബാബു നായിഡുവിന് സംസാരിക്കാന്‍ 20 മിനിറ്റ് കൊടുത്തുവെന്നും അവർ വ്യക്തമാക്കി