ഒളിമ്പിക്സ് ഹോക്കി; ഓസീസിനെ വീഴ്ത്തി ഇന്ത്യ ക്വാർട്ടറിൽ
Friday, August 2, 2024 6:49 PM IST
പാരീസ്: ഒളിന്പിക്സ് ഹോക്കിയിൽ കരത്തരായ ഓസ്ട്രേലിയായെ 3-2 തകർത്ത് ഇന്ത്യ ക്വാർട്ടറിൽ. കളിയുടെ തുടക്കത്തിലെ ഇന്ത്യൻ പോസ്റ്റിലേക്ക് പാഞ്ഞടുത്തെങ്കിലും ഗോൾനേടാൻ ഓസീസിനായില്ല.
കൗണ്ടർ അറ്റാക്കിലൂടെ ഇന്ത്യ ഗോൾവല കുലുക്കിയതോടെ ഓസീസ് സമ്മർദ്ദത്തിലായി. ഗോൾനേടാനുള്ള ലളിത് ഉപധ്യായുടെ ആദ്യ ഷോട്ട് ഓസീസ് ഗോൾകീപ്പർ തടുത്തെങ്കിലും പന്തു നേരെ പോയത് അഭിഷേകിനടുത്തേക്ക്. കിട്ടിയ അവസരം മുതലാക്കിയ അഭിഷേക് ഇന്ത്യയെ 1-0 മുന്നിലെത്തിച്ചു.
പിന്നാലെ ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗും വലകുലുക്കിയതോടെ ഇന്ത്യയുടെ ലീഡ് ഉയർന്നു. ആദ്യ ക്വാർട്ടറിൽത്തന്നെ ഇന്ത്യ 2-0 നു മുന്നിൽ എത്തിയതോടെ വിശ്വരൂപം പുറത്തെടുത്ത ഓസീസ് താരങ്ങൾ ഇന്ത്യൻ പോസ്റ്റിലേക്ക് കുതിച്ചു കയറിയെങ്കിലും ശ്രീജേഷിനു മുന്നിൽ അടിപതറി.
രണ്ടാം ക്വാർട്ടറിൽ തോമസ് ക്രെയ്ഗിലൂടെ ഓസീസ് ഗോൾ മടക്കിയെങ്കിലും മൂന്നാം ക്വാർട്ടറിൽ ഹർമൻപ്രീത് സിംഗിലൂടെ ഇന്ത്യ വ്യക്തമായ ലീഡുനേടി. അവസാന ക്വാർട്ടറിൽ ഓസീസ് രണ്ടാം ഗോളു നേടിയെങ്കിലും ഇന്ത്യൻ കുതിപ്പ് തടയാനായില്ല.
ആദ്യ മൂന്നു മത്സരങ്ങളിൽ രണ്ടു വിജയവും ഒരു സമനിലയുമായി ഇന്ത്യ നേരത്തെ ക്വാർട്ടർ ഉറപ്പിച്ചിരുന്നു. ശക്തരായ ബൽജിയത്തോടു മാത്രമാണ് ഇന്ത്യ തോൽവി വഴങ്ങിയത്.