ജീവന്റെ തുടിപ്പു തേടി ; സിഗ്നല്‍ കിട്ടിയ സ്ഥലത്ത് രാത്രിയിലും പരിശോധന
Friday, August 2, 2024 7:22 PM IST
കൽപ്പറ്റ : ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം മേഖലയില്‍ സൈന്യത്തിന്റെ നേതൃത്വത്തിൽ തിരച്ചിൽ ഊർജിതമാക്കി. റഡാര്‍ സിഗ്നല്‍ ലഭിച്ച സ്ഥലത്ത് ഫ്ലഡ് ലൈറ്റ് എത്തിച്ച് രാത്രിയിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.
റഡാറിൽ നിന്നും സിഗ്നല്‍ ലഭിച്ചതിനെ തുടർന്ന് മുണ്ടക്കൈയില്‍ തകർന്ന കെട്ടിടത്തിലാണ് സൈന്യത്തിന്റെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചത്. ആദ്യം കിട്ടിയ സിഗ്നല്‍ മനുഷ്യ ശരീരത്തില്‍ നിന്നാകാന്‍ സാധ്യതയില്ലെന്ന് വിദഗ്ധര്‍ പറഞ്ഞെങ്കിലും പരിശോധന തുടരാനാണ് തീരുമാനം.
ശക്തമായ സിഗ്നല്‍ ലഭിച്ച സാഹചര്യത്തിലാണ് പരിശോധന തുടരാന്‍ തീരുമാനിച്ചത്. അത്യാധുനിക തെർമൽ ഇമേജ് റഡാർ (ഹ്യൂമൻ റെസ്ക്യൂ റഡാർ) ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മണ്ണിനടിയിൽ നിന്ന് തുടര്‍ച്ചയായി ശ്വാസത്തിന്റെ സിഗ്നല്‍ ലഭിച്ചത്.
മൂന്ന് മീറ്റര്‍ താഴ്ചയില്‍ നിന്നാണ് സിഗ്നല്‍ ലഭിച്ചത്. സ്ഥലത്ത് സൂക്ഷ്മതയോടെ മണ്ണുമാറ്റി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. തിരച്ചിൽ അവസാനിപ്പിക്കില്ലെന്നും രാത്രിയിലും തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.