തെരഞ്ഞെടുപ്പ് കമ്മീഷൻ സംഘം അടുത്തയാഴ്ച കാഷ്മീരിൽ
Saturday, August 3, 2024 2:43 AM IST
ശ്രീനഗർ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സംഘം അടുത്തയാഴ്ച ജമ്മു കാഷ്മീരിലെത്തും.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം എട്ട്, ഒന്പത്, പത്ത് തീയതികളിൽ ജമ്മു കാഷ്മീരിലുണ്ടാകും. തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഗ്യാനേഷ്കുമാറും എസ്.എസ്. സന്ധുവും രാജീവ്കുമാറിനൊപ്പമുണ്ടാകും.
ജമ്മു കാഷ്മീരിൽ സെപ്റ്റംബർ 30നകം തെരഞ്ഞെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ജമ്മു കാഷ്മീരിൽ റിക്കാർഡ് പോളിംഗാണ് രേഖപ്പെടുത്തിയത്.
ഒരു മാസംകൊണ്ടാണു വോട്ടെടുപ്പ് പൂർത്തിയായത്. മണ്ഡല പുനർനിർണയത്തിനുശേഷം ജമ്മു കാഷ്മീരിലെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം 83ൽനിന്ന് 90 ആയി ഉയർന്നു.