സിപിഎം തിരുവല്ല ഏരിയാ സെക്രട്ടറിയെ മാറ്റാനുള്ള തീരുമാനം; എതിര്‍പ്പുമായി ഒരു വിഭാഗം
Thursday, August 8, 2024 9:03 AM IST
പത്തനംതിട്ട: സിപിഎം തിരുവല്ല ഏരിയാ സെക്രട്ടറി ഫ്രാന്‍സിസ് വി. ആന്റണിയെ തത്സ്ഥാനത്ത് നിന്ന് നീക്കിയ പാര്‍ട്ടി തീരുമാനത്തിനെതിരേ ഒരു വിഭാഗം രംഗത്ത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ ഫ്രാന്‍സിസ് ശ്രമിച്ചു എന്ന ചിലരുടെ പരാതിയേത്തുടര്‍ന്നായിരുന്നു നടപടി.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഫ്രാന്‍സിസിനെ ഏരിയാ കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കാന്‍ തീരുമാനിച്ചത്. ജില്ലാ കമ്മിറ്റിയില്‍ നിന്നും അദ്ദേഹത്തെ മാറ്റി. ഏരിയാ കമ്മിറ്റി അംഗമായി ഫ്രാന്‍സിസ് തുടരും.
അതേ സമയം, ഫ്രാന്‍സിസിനെ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയതില്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന് കടുത്ത അമര്‍ഷമുണ്ട്. ഏതാനും സെക്കൻഡുകള്‍ നീണ്ട് നിന്ന ഒരു ഫോണ്‍ സംഭാഷണത്തിന്റെ പേരില്‍ നടപടി എടുത്തതിലാണ് എതിര്‍പ്പ്.
എന്നാൽ പാര്‍ട്ടി സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കണമെന്ന് പാര്‍ട്ടി അംഗം ഫോണില്‍ സംസാരിച്ചപ്പോള്‍ എരിയാ കമ്മിറ്റി സെക്രട്ടറി എന്ന നിലയില്‍ ഫ്രാന്‍സിസ് എന്ത് കൊണ്ട് താക്കീത് നല്‍കിയില്ല എന്നാണ് എതിര് വിഭാഗം ചോദിക്കുന്നത്.
കഴിഞ്ഞ മൂന്ന് ടേമുകളിലായി സിപിഎം തിരുവല്ല ഏരിയാ കമ്മിറ്റി സെക്രട്ടറിയായി തുടര്‍ന്ന് വരുന്ന നേതാവാണ് ഫ്രാന്‍സിസ് വി. ആന്റണി. അദ്ദേഹത്തിനെതിരായ നടപടിയിലൂടെ വരും ദിവസങ്ങളില്‍ തിരുവല്ലയില്‍ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത വര്‍ധിക്കാനിടയുണ്ട്.