പ്രഖ്യാപനത്തിനായി കാത്തിരിക്കുന്നു; സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി
Saturday, August 10, 2024 5:29 PM IST
വയനാട്: ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന വയനാടിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വയനാട്ടിലെ ഉരുൾപൊട്ടൽ പ്രദേശങ്ങളും ദുരിതബാധിതരെയും നേരിൽ കണ്ടശേഷം നടന്ന അവലോകനയോഗത്തിനുശേഷമാണ് മോദി ഇക്കാര്യം അറിയിച്ചത്.
കേന്ദ്രത്തിന് ചെയ്യാൻ കഴിയുന്ന എല്ലാ സഹായവും ചെയ്യുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകി. ദുരന്തബാധിതർക്ക് ഒപ്പം നിൽക്കുകയാണ് ഇപ്പോൾ ഏറ്റവും പ്രധാനം. നൂറ് കണക്കിന് ആളുകളുടെ സ്വപ്നങ്ങളാണ് തകർന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ദുരന്തത്തിൽപ്പെട്ടവരുടെ ഭാവി സംരക്ഷിക്കുകയെന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. ദുരന്തത്തിൽപ്പെട്ടവർ ഒറ്റയ്ക്കല്ല. താൻ പല ദുരന്തങ്ങളും നേരിട്ട് കണ്ടിട്ടുണ്ട്. വിഷമം തനിക്ക് മനസിലാകുമെന്നും മോദി പറഞ്ഞു.
കേരളം നാശനഷ്ടങ്ങൾ വിശദമായ മെമ്മൊറാണ്ടമായി നൽകാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വീടുകൾ തകർന്നതിന്റെ കണക്കുകൾ ഇതിൽ ഉൾപ്പെടുത്തണം. പുനരധിവാസത്തിനായി കേരളം എന്താണ് ചെയ്യാൻ പോകുന്നതെന്ന് വിശദമാക്കണമെന്നും മോദി വ്യക്തമാക്കി
വയനാട്ടില ദുരന്തമേഖലകൾ സന്ദർശിച്ചശേഷം പ്രധാനമന്ത്രി ഡൽഹിയിലേക്ക് മടങ്ങി. വയനാട് സന്ദർശനത്തിനായി ഇന്ന് രാവിലെ പതിനൊന്നോടെയാണ് പ്രധാനമന്ത്രി കോഴിക്കോട്ട് എത്തിയത്.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ടുള്ള അവലോകന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, മുഖ്യമന്ത്രി പിണറായി വിജയന്, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ പി. എ. മുഹമ്മദ് റിയാസ്, ഒ. ആര്. കേളു, എ.കെ. ശശീന്ദ്രന്, കെ.രാജന്, ടി.സിദ്ദീഖ് എംഎല്‍എ, ചീഫ് സെക്രട്ടറി ഡോ.വി.വേണു, ഡിജിപി ഷേഖ് ദര്‍വേശ് സാഹിബ് എന്നിവരും പങ്കെടുത്തു.
ചീഫ് സെക്രട്ടറി വേണുവാണ് ദുരന്തത്തെ കുറിച്ചുള്ള സമഗ്ര ചിത്രം പ്രധാനമന്ത്രിക്ക് മുന്നില്‍ വിശദീകരിക്കുന്നത്. വയനാട്ടിലേത് അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാനം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. മുണ്ടക്കൈ, ചൂരല്‍മല പ്രദേശവാസികളുടെ പുനരധിവാസമാണ് സംസ്ഥാന സര്‍ക്കാര്‍ പ്രധാനമായി ആവശ്യപ്പെടുന്നത്.