വിജയംമുടക്കി മഴയും അത്തനാസെയും; വിൻഡീസിനെതിരേ സമനില വഴങ്ങി ദക്ഷിണാഫ്രിക്ക
Monday, August 12, 2024 2:33 PM IST
ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ: വെസ്റ്റ് ഇന്‍ഡീസും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് സമനിലയില്‍. പോർട്ട് ഓഫ് സ്പെയിനിൽ അവസാന ദിവസമായ ഇന്ന് 298 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റ് ചെയ്ത വിൻഡീസ് രണ്ടാം ഇന്നിംഗ്സില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് എന്ന നിലയിൽ നില്‍ക്കേ മത്സരം സമനിലയിൽ പിരിയുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്സില്‍ 357 റണ്‍സ് എടുത്തപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്നിംഗ്സ് 233 റണ്‍സിൽ അവസാനിച്ചു. രണ്ടാം ഇന്നിംഗ്സില്‍ അവസാനദിവസം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ദക്ഷിണാഫ്രിക്ക വെസ്റ്റ് ഇന്‍ഡീസിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു.
അവസാനദിനം വിൻഡീസിനെ പെട്ടെന്ന് പുറത്താക്കാമെന്ന് കണക്കുകൂട്ടിയിറങ്ങിയ പ്രോട്ടീസിന് തിരിച്ചടിയേറ്റു. ഇടയ്ക്കിടെ മഴ കളിമുടക്കി. കൂടാതെ 92 റൺസുമായി അലിക് അത്തനാസെയുടെ ചെറുത്തുനില്പും കൂടിയായപ്പോൾ സന്ദർശകരുടെ വിജയപ്രതീക്ഷ മങ്ങി. ഓള്‍റൗണ്ടര്‍ ജെയ്സൺ ഹോള്‍ഡര്‍ 31 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി രണ്ട് ഇന്നിംഗ്സിലുമായി എട്ടുവിക്കറ്റ് വീഴ്ത്തിയ കേശവ് മഹാരാജ് കളിയിലെ താരമായി.