മൊബൈൽ ഫോൺ ഗെയിം കളിച്ച് ലക്ഷങ്ങൾ കടം; യുവാവ് ജീവനൊടുക്കി
Tuesday, August 13, 2024 1:12 AM IST
ജാജ്പുർ: മൊബൈൽ ഫോണിൽ ഗെയിം കളിക്കുന്നതിനായി പലരിൽ നിന്നായി കടം വാങ്ങിയ ലക്ഷങ്ങൾ മടക്കി നൽകാനാകാതെ യുവാവ് ജീവനൊടുക്കി. ഒഡീഷയിലെ ജാജ്പൂരിലെ കാളിയപാനി പോലീസ് സ്റ്റേഷൻ പരിധിയിലെ കടുബാനി ഗ്രാമത്തിലാണ് സംഭവം.
ലിങ്കൺ എന്ന ശ്രീനിവാസ നായക് (22) ആണ് മരിച്ചത്. ഓൺലൈൻ ഗെയിമുകൾ കളിക്കാറുണ്ടായിരുന്ന ഇയാൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടായതായി ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഞായറാഴ്ച രാത്രി ലിങ്കൺ കുടുംബത്തോടൊപ്പം അത്താഴം കഴിച്ചിരുന്നു. രാവിലെ എഴുന്നേൽക്കാതെ വന്നതോടെ ആശങ്കയിലായ വീട്ടുകാർ വാതിലിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് സംഭവം അറിയുന്നത്. ഇയാൾ തൂങ്ങി മരിക്കുകയായിരുന്നു.
ഒരു സ്വകാര്യ ഖനന കമ്പനിയിൽ കരാർ തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു ലിങ്കൺ. പോലീസ് മേൽനടപടികൾ സ്വീകരിച്ചു.