വയനാട്ടിൽ ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങൾ അനേകം; റിപ്പോർട്ട് നല്‍കുമെന്ന് ജോൺ മത്തായി
Tuesday, August 13, 2024 2:55 PM IST
കൽപറ്റ: ഉരുള്‍പൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല മേഖലകളില്‍ വിദഗ്ധസംഘത്തിന്റെ പരിശോധന തുടരുന്നു. ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന് ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് പരിശോധനയ്ക്കെത്തിയത്.
ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശം വയനാട്ടിൽ അനേകമുണ്ടെന്ന് ജോൺ മത്തായി പറഞ്ഞു. 300 മില്ലിമീറ്റർ മഴയിൽ കൂടുതൽ പെയ്യുകയാണെങ്കിൽ ഉരുൾപൊട്ടൽ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും അതിനെ സൂക്ഷ്മരീതിയിൽ തരംതിരിച്ചെടുക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
ഇനിയുള്ള മൂന്ന് ദിവസം ദുരന്തപ്രദേശത്ത് തുടർന്ന് സാമ്പിളുകൾ ശേഖരിച്ച് ദുരന്തകാരണങ്ങൾ കണ്ടെത്താൻ ശ്രമിക്കും. ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രം മുതൽ താഴെത്തലം വരെ പരിശോധനയുണ്ടാകും. വയനാട്ടിൽ സുരക്ഷിതമായതും അല്ലാത്തതുമായ മേഖലകൾ ഏതൊക്കെ എന്ന് തരംതിരിച്ച് അനുവദിക്കപ്പെട്ട സമയത്തിനു മുമ്പുതന്നെ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്നും ജോണ്‍ മത്തായി കൂട്ടിച്ചേർത്തു.
പരിശോധന കഴിയുന്നമുറയ്ക്ക് പുനരധിവാസത്തിന് സർക്കാർ കണ്ടുവച്ചിരിക്കുന്ന ഭൂമിയിലും വിദഗ്ധ സംഘം പരിശോധന നടത്തും. ഈ മാസം 22നു മുമ്പ് റിപ്പോർട്ട് സമർപ്പിക്കണമെന്നതാണ് സർക്കാർ നിർദേശം.
സിഡബ്ല്യുആര്‍എം പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ടി.കെ. ദൃശ്യ, സൂറത്ത്കല്‍ എന്‍ഐടി അസോസിയേറ്റ് പ്രഫസര്‍ ഡോ. ശ്രീവല്‍സ കൊളത്തയാര്‍, ജില്ലാ മണ്ണുസംരക്ഷണ ഓഫീസര്‍ താര മനോഹരന്, കേരള ദുരന്തനിവാരണ അതോറിറ്റി ഹസാര്‍ഡ് ആന്‍ഡ് റിസ്ക് അനലിസ്റ്റ് പി. പ്രദീപ് എന്നിവരാണ് വിദഗ്ധസംഘത്തിലുള്ളത്.