ഓണം പ്രമാണിച്ച് ബംഗളൂരു-തിരുവനന്തപുരം പ്രത്യേക ട്രെയിൻ സർവീസ് നടത്തുമെന്ന് റെയിൽവെ
Tuesday, August 20, 2024 11:00 PM IST
തിരുവനന്തപുരം: കേരളത്തിൽ ഒണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ട്രെയിൻ സർവീസ് നടത്തുമെന്ന് റെയിൽവെ അറിയിച്ചു. തിരുവനന്തപുരത്തു നിന്ന് ബംഗളുരുവിലേക്കും തിരിച്ചും ആയിരിക്കും പ്രത്യേക സർവീസുകൾ ഏർപ്പെടുത്തുക.
കൊച്ചുവേളിയിൽ നിന്ന് ബംഗളുരു എസ്എംവിടി സ്റ്റേഷനിലേക്കാണ് ട്രെയിൻ സർവീസ് നടത്തുക. 16 തേർഡ് എസി കോച്ചുകളുള്ള ട്രെയിനാണ് ക്രമീകരിച്ചിട്ടുള്ളത്.
കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് എന്നിവയാണ് കേരളത്തിലെ മറ്റ് സ്റ്റോപ്പുകൾ.
ട്രെയിൻ നമ്പർ - 06239 എസ്എംവിടി ബംഗളുരു - കൊച്ചുവേളി. ട്രെയിൻ നമ്പർ - 06240 കൊച്ചുവേളി - എസ്എംവിടി ബംഗളുരു എന്നീ ട്രെയിനുകളാണ് പ്രത്യേക സർവീസ് നടത്തുക.
രാത്രി ഒമ്പതിന് ബംഗളുരുവിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് ശേഷം 2.15 ന് കൊച്ചുവേളിയിലും വൈകുന്നേരം അഞ്ചിന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.30 ന് ബംഗളുരുവിലും എത്തുന്ന രീതിയിലാണ് സർവീസ്.