മാഞ്ചസ്റ്റർ ടെസ്റ്റ്: ലങ്ക പൊരുതുന്നു, ആറുവിക്കറ്റ് നഷ്ടം
Saturday, August 24, 2024 1:43 PM IST
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ശ്രീലങ്ക പൊരുതുന്നു. മൂന്നാംദിനം കളിനിർത്തുമ്പോൾ ആറുവിക്കറ്റ് നഷ്ടത്തിൽ 204 റൺസെന്ന നിലയിലാണ് സന്ദർശകർ. ഒന്നാം ഇന്നിംഗ്സിൽ 122 റണ്‍സ് ലീഡ് വഴങ്ങിയ ശ്രീലങ്ക ഇംഗ്ലണ്ടിനു മുന്നിൽ മികച്ച ലക്ഷ്യം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ്.
അർധസെഞ്ചുറി നേടി ക്രിസിലുള്ള കമിന്ദു മെൻഡിസിലും 20 റൺസുമായി നില്ക്കുന്ന ദിനേഷ് ചണ്ഡിമാലിലുമാണ് ലങ്കൻ പ്രതീക്ഷകൾ.
നേരത്തെ, ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിംഗ്സ് 358 റൺസിൽ അവസാനിച്ചിരുന്നു. 111 റൺസെടുത്ത ജാമി സ്മിത്താണ് ആതിഥേയർക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ലങ്കയ്ക്കു വേണ്ടി അശിത ഫെർണാണ്ടോ നാലും പ്രഭാത് ജയസൂര്യ മൂന്നും വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് സ്കോർബോർഡിൽ ഒരു റൺസ് ചേർത്തപ്പോഴേക്കും രണ്ടുവിക്കറ്റ് നഷ്ടമായിരുന്നു. പിന്നീട് ദിമുത് കരുണരത്നെ (27), ആഞ്ചെലോ മാത്യൂസ് (65) എന്നിവരുടെ ചെറുത്തുനില്പാണ് ലങ്കയെ വൻ തകർച്ചയിൽ നിന്നു കരകയറ്റിയത്.
ഇംഗ്ലണ്ടിനുവേണ്ടി ക്രിസ് വോക്സ് രണ്ടും ഗസ് അറ്റ്കിൻസൺ, മാർക്ക് വുഡ്, മാത്യു പോട്ട്സ്, ജോ റൂട്ട് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.