മിന്നു മിന്നിയെങ്കിലും ഇന്ത്യ എയ്ക്ക് തോൽവി
Sunday, August 25, 2024 12:17 PM IST
ഗോൾഡ് കോസ്റ്റ്: മലയാളി താരം മിന്നു മണി 11 വിക്കറ്റുമായി തിളങ്ങിയ ടെസ്റ്റിൽ ഇന്ത്യ എയ്ക്ക് തോൽവി. 45 റൺസിനാണ് ഓസ്ട്രേലിയൻ എ വനിതകൾ ഇന്ത്യൻ സംഘത്തെ വീഴ്ത്തിയത്.
രണ്ടാം ഇന്നിംഗ്സിൽ ജയിക്കാൻ 289 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 243 റൺസിൽ അവസാന ദിനം പുറത്തായി. വിക്കറ്റ് കീപ്പർ ഉമ ചേത്രി (47), സായലി സാത്ഖരെ (21) എന്നിവർ നാലാംദിനം ജയത്തിനായി പൊരുതിയെങ്കിലും ഫലമുണ്ടായില്ല. ഓസീസിനായി ടെസ് ഫ്ലിന്റോഫും ചാർളി നോട്ടും മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി.
നേരത്തെ ആദ്യ ഇന്നിംഗ്സിൽ അഞ്ചും രണ്ടാം ഇന്നിംഗ്സിൽ ആറും വിക്കറ്റ് വീഴ്ത്തിയ എ ടീമിന്റെ ക്യാപ്റ്റൻ കൂടിയായ മലയാളി താരം മിന്നു മണി തകർപ്പൻ പ്രകടനമാണ് മത്സരത്തിൽ കാഴ്ചവച്ചത്.
സ്കോർ: ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ് 212, രണ്ടാം ഇന്നിംഗ്സ് 260. ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 184, രണ്ടാം ഇന്നിംഗ്സ് 243.