സൗദിയിൽ കൊല്ലം സ്വദേശികൾ ഫ്ലാറ്റിൽ മരിച്ച നിലയിൽ
Thursday, August 29, 2024 6:21 PM IST
റിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ അൽ ഖോബാറിൽ മലയാളി ദമ്പതികളെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കരുവ അഞ്ചാലംമൂട് സ്വദേശിയായ അനൂപ് മോഹൻ, ഭാര്യ റെമിമോൾ വസന്തകുമാരി എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
അഞ്ച് വയസുള്ള ഇവരുടെ മകളുടെ കരച്ചിൽ കേട്ട് അയൽവാസികൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി ഫ്ലാറ്റിന്റെ വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
അമ്മ രണ്ട് മൂന്ന് ദിവസങ്ങളായി കട്ടിലിൽ തന്നെ മിണ്ടാതെ കിടക്കുകയായിരുന്നുവെന്നാണ് കുട്ടി പറയുന്നത്. കട്ടിലിൽ കിടന്ന തന്റെ മുഖത്ത് തലയണ അമർത്തി അച്ഛൻ കൊല്ലാൻ ശ്രമിച്ചുവെന്നും കരഞ്ഞപ്പോൾ പിന്മാറുകയായിരുന്നുവെന്നും കുട്ടി പറയുന്നു.
കുട്ടിയെ നിലവിൽ മറ്റൊരു കുടുബത്തിന്റെ പക്കൽ ഏൽപ്പിച്ചിരിക്കുകയാണ്. മരിച്ച ദമ്പതികളുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. കുടുംബ വഴക്കിനെത്തുടർന്ന് ഇവർ ആത്മഹത്യ ചെയ്തതായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. സൗദി പോലീസ് അന്വേഷണം ആരംഭിച്ചു.