ജഗന് കനത്ത തിരിച്ചടി; രണ്ട് എംപിമാര്‍ രാജിവച്ചു
Thursday, August 29, 2024 8:10 PM IST
ഹൈദരാബാദ്: വൈഎസ്ആർ കോൺഗ്രസിന്റെ രണ്ട് എംപിമാർ രാജ്യസഭാംഗത്വം രാജിവച്ചു. മോപിദേവി വെങ്കട്ടരമണ റാവു, ബീത മസ്താൻ റാവു എന്നിവരാണ് രാജി വച്ചത്. ഇരുവരും ടിഡിപിയിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
കെ.കിരൺകുമാർ റെഡ്ഡി, വൈ.എസ്.രാജശേഖരറെഡ്ഡി സർക്കാരുകളിൽ മന്ത്രിയും രണ്ട് തവണ എംഎൽഎയും ആയിരുന്ന ആളാണ് മോപിദേവി. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതോടെ നേതൃത്വവുമായി അസ്വാരസ്യത്തിലായിരുന്നു ഇദ്ദേഹം ചന്ദ്രബാബു നായിഡുവുമായി ചർച്ച നടത്തിയിരുന്നു.
മുമ്പ് ടിഡിപിക്കൊപ്പമായിരുന്ന ബീത മസ്താൻ റാവു 2009 മുതൽ 2014 വരെ കാവാലി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആയിരുന്നു. 2019ലാണ് വൈഎസ്ആർസിപിയിൽ ചേർന്നത്. ഇരുവരുടെയും രാജി രാജ്യസഭാ അധ്യക്ഷൻ ജഗദീപ് ധൻകർ സ്വീകരിച്ചു.
വെങ്കട്ടരമണയ്ക്ക് 2026 ജൂൺവരെയും മസ്താൻ റാവുവിന് 2028 ജൂൺവരെയും കാലാവധിയുണ്ടായിരുന്നു. ഇരുവരും രാജിവച്ചതോടെ രാജ്യസഭയിൽ വൈഎസ്ആർസിപിയുടെ അംഗബലം ഒമ്പതായി ചുരുങ്ങി.