ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പ്രധാന പേജ് എവിടെ? വലിയ ആളുകളെ സംരക്ഷിക്കാനുളള ശ്രമമെന്ന് ചെന്നിത്തല
Friday, August 30, 2024 1:05 PM IST
കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോർട്ട് വിഷയത്തിൽ സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഹേമാ കമ്മിറ്റി റിപ്പോർട്ടിലെ പ്രധാന പേജ് എവിടെയെന്നും വലിയ ആളുകളെ സംരക്ഷിക്കാനുള്ള ശ്രമമാണതെന്നും ചെന്നിത്തല ആരോപിച്ചു.
യഥാർഥ പ്രശ്നത്തിൽനിന്നു വഴി തിരിച്ചു വിടാൻ മാധ്യമങ്ങൾ ഉൾപ്പടെ ശ്രമിക്കരുത്. ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ നടപടിയാണു പ്രധാന പ്രശ്നം. സിനിമാ രംഗത്തെ എല്ലാവരേയും സംശയത്തിന്റെ നിഴലിൽ നിർത്താനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ കോൺഗ്രസ് നേതൃസംഗമത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ചെന്നിത്തല.
മുകേഷിനെതിരായതു രാഷ്ട്രീയ ആരോപണമല്ല, ഗുരുതര ആരോപണമാണ്. തത്കാലം അറസ്റ്റ് വേണ്ട എന്നേ കോടതി പറഞ്ഞിട്ടുള്ളു. മുകേഷിന് ഈ കേസിൽ താൻ നിരപരാധിയാണെന്നു പോലും പറയാൻ പറ്റാത്ത സാഹചര്യമാണുള്ളത്. സിപിഎം മുകേഷിനെ രാജിവയ്പ്പിക്കുമെന്ന പ്രതീക്ഷ ഇല്ല. സർക്കാർ വേട്ടക്കാർക്കൊപ്പമാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.