നിയുക്ത ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലിന് ഇന്ന് ചങ്ങനാശേരിയില്‍ സ്വീകരണം
Saturday, August 31, 2024 12:37 PM IST
കോട്ടയം: നിയുക്ത ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയിലിന് മാതൃ ഇടവകയായ ചങ്ങനാശേരി പള്ളിയില്‍ അതിരൂപതയുടെ ഔദ്യോഗിക സ്വീകരണം നല്‍കും. സിനഡ് സമ്മേളനം കഴിഞ്ഞ് ഇന്നു വൈകുന്നേരം നാലിനു പള്ളിയിലെത്തിച്ചേരുന്ന നിയുക്ത ആര്‍ച്ച്ബിഷപിനെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ പള്ളിയിലേക്കു സ്വീകരിച്ചാനയിക്കും.
വികാരി റവ.ഡോ. ജോസ് കൊച്ചുപറമ്പില്‍ കാനോനിക ശുശ്രൂഷപ്രകാരം ദേവാലയത്തിലേക്കു സ്വീകരിച്ചാനയിക്കും. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം നിയുക്ത മെത്രാപ്പോലീത്താ മാര്‍ തോമസ് തറയിലിനായി പ്രാര്‍ഥന നയിച്ച് അദ്ദേഹത്തെ അതിരൂപതയിലേക്ക് ഔദ്യോഗികമായി സ്വാഗതം ചെയ്യും.
പള്ളിയിലെ പ്രാര്‍ഥനകള്‍ക്കുശേഷം നിയുക്തമെത്രാപ്പോലീത്താ കബറിടപ്പള്ളിയിലെത്തി മുന്‍ഗാമികളായ പിതാക്കന്മാരുടെ കബറിടത്തിങ്കൽ പുഷ്പാര്‍ച്ചന നടത്തും.
മാര്‍ തോമസ് തറയിലിന് ചങ്ങനാശേരി സെന്‍ട്രല്‍ ജംഗ്ഷനില്‍ വൈകുന്നേരം അഞ്ചിന് പൗരാവലിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. ജോബ് മൈക്കിള്‍ എംഎല്‍എ, മുനിസിപ്പല്‍ ആക്ടിംഗ് ചെയര്മാന് മാത്യൂസ് ജോര്‍ജ് തുടങ്ങി സാമുദായിക സംസ്കാരിക നേതാക്കള്‍ പങ്കെടുക്കും.
മാര്‍ തോമസ് തറയിലിന്റെ സ്ഥാനാരോഹണ ചടങ്ങ് ഒക്ടോബര്‍ 31നു ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടക്കും.