മുകേഷിനും ഇടവേള ബാബുവിനുമെതിരായ കേസ്; "അമ്മ' ഓഫീസിൽ പോലീസ് പരിശോധന
Sunday, September 1, 2024 10:39 AM IST
കൊച്ചി: താരസംഘടനയായ "അമ്മ'യുടെ കൊച്ചി കലൂരിലെ ഓഫീസിൽ പോലീസ് പരിശോധന നടത്തി. നടൻമാരായ മുകേഷ്, ഇടവേള ബാബു എന്നിവരുടെ കേസുമായി ബന്ധപ്പെട്ട് ശനിയാഴ്ച ഉച്ചയ്ക്കാണ് പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തിയത്.
ഇരുവരും സംഘടനാ ഭാരവാഹികളായിരുന്നെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ഓഫീസിൽനിന്ന് പിടിച്ചെടുത്തു. നടിയുടെ മൊഴിയുമായി ബന്ധപ്പെട്ട സാഹചര്യ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
മുകേഷിന്റെ കൊച്ചി മരടിലെ ഫ്ലാറ്റിലും ഇടവേള ബാബുവിന്റെ ഫ്ലാറ്റിലും പോലീസ് ശനിയാഴ്ച തെളിവെടുപ്പ് നടത്തിയിരുന്നു.
"അമ്മ'യിൽ അംഗത്വം ലഭിക്കണമെങ്കിൽ കിടക്ക പങ്കിടണമെന്ന് മുകേഷ് ആവശ്യപ്പെട്ടെന്നാണ് കൊച്ചി സ്വദേശിയായ നടിയുടെ പരാതി. താനറിയാതെ മലയാള സിനിമയിൽ ഒന്നും നടക്കില്ലെന്ന് മുകേഷ് ഭീഷണിപ്പെടുത്തിയെന്നും നേരിട്ട് കണ്ടപ്പോൾ അദ്ദേഹം മോശമായി സംസാരിച്ചുവെന്നും വില്ലയിലേക്ക് വരാൻ ക്ഷണിച്ചെന്നും നടി വെളിപ്പെടുത്തിയിരുന്നു. 'അമ്മ'യിൽ അംഗത്വം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് ഇടവേള ബാബുവിനെതിരായ പരാതി.