മൊറാഴയിലെ ബഹിഷ്കരിച്ച ബ്രാഞ്ച് സമ്മേളനം പിന്നീട് നടത്തും
Thursday, September 5, 2024 10:01 PM IST
കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറിയായ എം.വി. ഗോവിന്ദന്റെ നാടായ മൊറാഴയിൽ അംഗങ്ങൾ ബഹിഷ്കരിച്ച ബ്രാഞ്ച് സമ്മേളനം വീണ്ടും നടത്താൻ തീരുമാനം. ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളെ അനുനയിപ്പിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജനും ശ്രമങ്ങൾ തുടങ്ങി.
പാർട്ടി സെക്രട്ടറിയുടെയും കമ്യൂണിസ്റ്റ് പോരാട്ടങ്ങളുടെയും നാടായ മൊറാഴയിൽ നേതൃത്വത്തെ വെല്ലുവിളിച്ച് പാർട്ടി അംഗങ്ങൾ സമ്മേളനം ബഹിഷ്കരിച്ചത് സിപിഎമ്മിനെ ഞെട്ടിപ്പിച്ചിരുന്നു. തുടർന്ന് ബുധനാഴ്ച രാത്രി തന്നെ മൊറാഴ ലോക്കൽ കമ്മിറ്റി അടിയന്തര യോഗം ചേർന്ന് എത്രയും പെട്ടെന്ന് തർക്ക വിഷയം പരിഹരിച്ച് പാർട്ടി അംഗങ്ങളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജനും രംഗത്തുവന്നത്.
ചൊവ്വാഴ്ച നടക്കാനിരുന്ന ബ്രാഞ്ച് സമ്മേളനമാണ് പാർട്ടി അംഗങ്ങളുടെ ബഹിഷ്കരണത്തെത്തുടർന്ന് നടക്കാതെ പോയത്. മൊറാഴ ലോക്കൽ കമ്മിറ്റിക്കു കീഴിൽ വരുന്ന അഞ്ചാംപീടിക ബ്രാഞ്ച് സമ്മേളനമാണ് സെക്രട്ടറിയടക്കം മുഴുവൻ അംഗങ്ങളും ബഹിഷ്കരിച്ചത്. 14 പാർട്ടി അംഗങ്ങളാണ് ബ്രാഞ്ചിലുള്ളത്.
സമ്മേളനം ഉദ്ഘാടനം ചെയ്യാനായി തളിപ്പറമ്പ് ഏരിയ കമ്മിറ്റിയംഗം രാമചന്ദ്രനെയായിരുന്നു നിയോഗിച്ചത്. ഇദ്ദേഹവും മൊറാഴ ലോക്കൽ കമ്മിറ്റിയംഗങ്ങളായ ഒ.സി. പ്രദീപനും പ്രേമലതയും സമ്മേളനസ്ഥലത്ത് എത്തിയിരുന്നു. എന്നാൽ വനിതകൾ അടക്കമുള്ള അംഗങ്ങൾ ബഹിഷ്കരണ പ്രഖ്യാപനം നടത്തി. ബ്രാഞ്ച് അതിർത്തിയായ ആന്തൂർ നഗരസഭാ പരിധിയിലെ ദേവർകുന്ന് അങ്കണവാടിയുമായി ബന്ധപ്പെട്ട പ്രശ്നം നേതൃത്വം ഇടപെട്ട് പരിഹരിക്കാത്തതാണ് സമ്മേളന ബഹിഷ്കരണത്തിലേക്ക് നയിച്ചത്.
കുറച്ച് ദിവസങ്ങൾക്ക് മുന്പ് ആന്തൂർ നഗരസഭയിലെ ഇരുപത്തിയാറാം വാർഡിലെ അങ്കണവാടിയിൽ വച്ച് ഹെൽപ്പർ വിദ്യാർഥികളെ മർദിച്ച സംഭവം വിവാദമായിരുന്നു. ഇതേ തുടർന്ന് 25, 26 വാർഡുകളിലെ രക്ഷിതാക്കൾ കുട്ടികളെ അങ്കണവാടിയിലേക്ക് അയയ്ക്കാതെ പ്രതിഷേധിക്കുകയും കുറ്റക്കാർക്കെതിരേ കർശന നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പ്രശ്നത്തെ തുടർന്ന് നഗരസഭ അങ്കണവാടി അടച്ചിടുകയും ചെയ്തു.
പിന്നീട് നഗരസഭാ ചെയർമാൻ ഉൾപ്പെടെയുള്ളവർ അങ്കണവാടിയിലെത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി. എന്നാൽ ആരോപണ വിധേയയെ സ്ഥലം മാറ്റുക മാത്രമാണ് ചെയ്തത്. രണ്ടു ദിവസം മുന്പ് 26-ാം വാർഡ് കൗൺസിലറുടെ സമ്മർദത്താൽ അങ്കണവാടി തുറക്കാൻ നഗരസഭ ഉത്തവിട്ടതായും പാർട്ടി അംഗങ്ങൾ കുറ്റപ്പെടുത്തി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാതെ പാർട്ടി നേതൃത്വം ചില തത്പരകക്ഷികൾക്ക് കീഴടങ്ങുകയാണെന്നും ഇവർ ആരോപിച്ചു.
ബഹിഷ്കരണ പ്രഖ്യാപനം നടത്തിയവരോട് മൂന്നു മണിക്കൂർ സമയത്തിനകം അങ്കണവാടി വിഷയയുമായി ബന്ധപ്പെട്ട കാര്യത്തിൽ തീർപ്പാക്കാമെന്ന് നേതൃത്വം ഉറപ്പ് നൽകി. എന്നാൽ അതു കഴിഞ്ഞ് സമ്മേളനത്തിനെത്താമെന്നായി പാർട്ടി അംഗങ്ങൾ. നേതൃത്വം നഗരസഭാധികൃതരുമായി ബന്ധപ്പെട്ടെങ്കിലും ഇറക്കിയ ഉത്തരവ് തിരുത്തി പുതിയ ഉത്തരവിറക്കാൻ മൂന്നു മണിക്കൂറുകൾ കൊണ്ട് കഴിയില്ലെന്ന് അറിയിച്ചു. ഇതോടെ സമ്മേളനം ഉപേക്ഷിക്കുകയായിരുന്നു.