കേരളത്തെ ആധുനിക ഹെൽത്ത് കെയർ ഹബ്ബാക്കി മാറ്റും: മുഖ്യമന്ത്രി
Friday, September 6, 2024 12:59 AM IST
തിരുവനന്തപുരം: കേരളത്തെ ആധുനിക ഹെൽത്ത് കെയർ ഹബ്ബാക്കി മാറ്റുകയെന്നതാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവേഷണത്തിന്റെയും വികസനത്തിന്റെയും പാതയിൽ ഫലപ്രദമായ മാർഗനിർദേശങ്ങൾ നൽകാൻ ലോകാരോഗ്യ സംഘടനയ്ക്ക് കഴിയുമെന്നുറപ്പുണ്ട്. അതിലൂടെ ആരോഗ്യ രംഗത്തെ കേരള മോഡൽ ലോകത്തിന് കൂടുതൽ സംഭാവനകൾ നൽകാനാകുമെന്നും അദ്ദേഹം പറഞ്ഞു.
നിപ, കോവിഡ്-19 തുടങ്ങിയവയെ പ്രതിരോധിക്കുന്നതിൽ കേരളത്തിന് ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക സഹായം ലഭിച്ചു എന്നത് ശ്രദ്ധേയമാണ്. പ്രളയാനന്തര പകർച്ചവ്യാധികൾ, ജീവിതശൈലീ രോഗങ്ങൾ, ക്ഷയരോഗം എന്നിവയുടെ പ്രതിരോധത്തിലും ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശം ലഭിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ ക്ഷയരോഗ ചികിത്സയുടെ നാൾവഴികൾ ഉൾക്കൊള്ളിച്ച് തയാറാക്കിയ ‘എ പാത്ത് ടു വെൽനെസ് കേരളാസ് ബാറ്റിൽ എഗേൻസ്റ്റ് ടിബി’ എന്ന ഡോക്യുമെന്റ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്ത് ക്ഷയരോഗ നിവാരണത്തിനുള്ള ആക്ഷൻ പ്ലാനിന്റെ രണ്ടാം ഭാഗം പുറത്തിറക്കുന്നതിന് മുന്നോടിയായുള്ള ലഘുലേഖയും മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
ക്ഷയരോഗത്തെക്കുറിച്ചുള്ള ചർച്ചകൾ പൊതുസമൂഹത്തിൽ ഇപ്പോൾ അധികം ഉണ്ടാകാറില്ല. കാരണം, പൊതുവേ നിർമാർജ്ജനം ചെയ്യപ്പെട്ട ഒരു രോഗമായാണ് അതിനെ നാം കണക്കാക്കുന്നത്. എന്നാൽ ലോകത്താകെയുള്ള കണക്കുകൾ പരിശോധിച്ചാൽ അതല്ല സ്ഥിതി. ഇന്നും ലോകത്ത് ഏറ്റവുമധികം ആളുകളുടെ മരണത്തിനു കാരണമാകുന്ന പകർച്ചവ്യാധിയാണ് ക്ഷയരോഗം.
ക്ഷയരോഗ നിർമാർജ്ജനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്താൻ കേരളത്തിനു കഴിഞ്ഞു. കഴിഞ്ഞ ആറ് വർഷത്തെ പ്രവർത്തനം കൊണ്ടുതന്നെ സംസ്ഥാനത്തെ ക്ഷയരോഗ വ്യാപനം 40 ശതമാനം കുറയ്ക്കാൻ കഴിഞ്ഞതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.