രാം മാധവുമായി എഡിജിപി ചർച്ച നടത്തിയത് മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം: ടി.എൻ.പ്രതാപൻ
Saturday, September 7, 2024 4:40 PM IST
തൃശൂർ: ആർഎസ്എസ് നേതാവ് രാം മാധവിനെ തൃശൂരിലെത്തി എഡിജിപി എം.ആർ.അജിത് കുമാർ കണ്ടത് മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി.എൻ.പ്രതാപൻ. ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ ആർഎസ്എസ് നേതൃത്വവുമായി രഹസ്യബാന്ധവമുണ്ടാക്കിയ മുഖ്യമന്ത്രിയുടെ നടപടിയിൽ സിപിഎം കേന്ദ്ര നേതൃത്വം മറുപടി പറയണം.
തൃശൂർപൂരം അലങ്കോലമാക്കി ഹൈന്ദവ വികാരം കത്തിച്ച് ബിജെപി സ്ഥാനാർഥിയുടെ വിജയം ഉറപ്പാക്കാൻ എഡിജിപി ശ്രമിച്ചു. ഇതിന് പ്രത്യുപകരമായി കരുവന്നൂർ ബാങ്ക് അഴിമതി അന്വേഷണവും മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും പേരിലുള്ള ഇഡി അന്വേഷണവും കേന്ദ്രസർക്കാർ അട്ടിമറിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് ഇഡിയുടെ കരുവന്നൂർ അന്വേഷണ നാടകം സജീവമായിരുന്നുവെന്നും പ്രതാപൻ ചൂണ്ടികാട്ടി.
തെരഞ്ഞെടുപ്പിന് ശേഷം കരുവന്നൂർ അന്വേഷണം എവിടെയെന്ന് കേന്ദ്രസർക്കാർ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൂരം കലക്കാൻ വളരെ മുൻപ് തന്നെ ഗൂഢാലോചന നടന്നതായി വ്യക്തമായിട്ടുണ്ട്. ആർഎസ്എസ് നേതാവിനെ കാണാൻ അജിത് കുമാറിനെ പറഞ്ഞുവിട്ടത് മുഖ്യമന്ത്രിയാണ് ഇതിന് സിപിഎം കേന്ദ്ര നേതൃത്വം മറുപടി പറയണമെന്നും പ്രതാപൻ ആവശ്യപ്പെട്ടു.