കേരളത്തിലെത്തി മോഷണം നടത്തുന്ന ബിഹാർ സ്വദേശി നേപ്പാളിൽ പിടിയിൽ
Tuesday, September 10, 2024 3:24 AM IST
കണ്ണൂർ: ബിഹാറിൽനിന്നു കേരളത്തിലെത്തി ഇവിടെയുള്ള ജ്വല്ലറികളിൽനിന്നു വെള്ളിയാഭരണങ്ങൾ കവരുന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. ബിഹാർ ഖഗാരിയ താലൂക്കിലെ മഹാറാസ് സ്വദേശി ധർവേന്ദ്രകുമാർ എന്ന ധർവേന്ദ്ര സിംഗിനെ (34)യാണ് കണ്ണൂർ ടൗൺ എസ്എച്ച്ഒ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അതിസാഹസികമായി പിടികൂടുന്നത്.
നേപ്പാൾ-വെസ്റ്റ് ബംഗാൾ അതിർത്തിയിൽ ബസിൽനിന്ന് ഇറങ്ങുന്നതിനിടെയാണ് ഇയാൾ പോലീസിന്റെ വലയിലാകുന്നത്. തിങ്കളാഴ്ച രാവിലെ കണ്ണൂർ ടൗൺ സ്റ്റേഷനിലെത്തിച്ച് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
2021-ൽ വയനാട് വൈത്തിരിയിൽ നടന്ന മോഷണക്കേസുമായി ബന്ധപ്പെട്ടു ലഭിച്ച വിരലടയാളവും ഫോട്ടോയുമാണ് പ്രതിയെ തിരിച്ചറിയാനും പിടികൂടാനും കണ്ണൂർ പോലീസിനു തുണയായത്.