ഇതുവരെ എന്ത് ചെയ്തു? നടപടി വൈകുന്നത് ഞെട്ടിച്ചു; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെ കുടഞ്ഞ് ഹൈക്കോടതി
Tuesday, September 10, 2024 11:24 AM IST
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സര്‍ക്കാര്‍ എന്ത് നടപടിയെടുത്തുവെന്ന് കോടതി ചോദിച്ചു. പ്രത്യേക അന്വേഷണ സംഘത്തിനു റിപ്പോര്‍ട്ട് കൈമാറണമെന്നും കോടതി ഉത്തരവിട്ടു.
റിപ്പോര്‍ട്ടിലെ ഹര്‍ജികള്‍ പരിഗണിക്കാന്‍ പ്രത്യേക ബെഞ്ചിന്റെ സിറ്റിംഗ് ഹൈക്കോടതിയില്‍ ആരംഭിച്ചപ്പോഴാണ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റീസ് സി.എസ്. സുധ എന്നിവരുടെ പ്രത്യേക ഡിവിഷന് ബെഞ്ചാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്നത്.
മൂന്ന് വര്‍ഷം മുന്‍പ് സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടില്‍ 2021 ല്‍ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറിയിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് ചോദിച്ച കോടതി, നടപടി വൈകുന്നത് ഞെട്ടിച്ചുവെന്നും പറഞ്ഞു.
സര്‍ക്കാര്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് അഡ്വക്കേറ്റ് ജനറല്‍ മറുപടി നല്കിയപ്പോൾ, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ എന്തെങ്കിലും നടപടിയെടുത്തോയെന്ന് കോടതി ചോദിച്ചു. കുറ്റകൃത്യങ്ങള്‍ക്കുള്ള പരിഹാരമാണോ സിനിമാനയമെന്നും കോടതി ചോദ്യമുന്നയിച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം സര്‍ക്കാര്‍ ഹൈക്കോടതിക്കു കൈമാറിയിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിനാണ് റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം കൈമാറേണ്ടതെന്നും അതിനുശേഷമെ മുദ്രവച്ച കവറിലുള്ള പൂര്‍ണ റിപ്പോര്‍ട്ട് തങ്ങള്‍ തുറക്കൂ എന്നും ഹൈക്കോടതി വ്യക്തമാക്കി.
പ്രത്യേക അന്വേഷണസംഘം സത്യവാംഗ്മൂലം നല്‍കണമെന്നും ലൈംഗിക അതിക്രമം ഉള്‍പ്പെടെ പരിശോധിക്കണമെന്നും കോടതി ഉത്തരവിട്ടു. തുടര്നടപടിയെടുത്തോ എന്നത് അടുത്ത സിറ്റിംഗിൽ പരിശോധിക്കും.
പ്രത്യേക അന്വേഷണസംഘം തിരക്കിട്ട് നടപടികളിലേക്ക് കടക്കരുതെന്നും റിപ്പോര്‍ട്ടിന്റെ ഭാഗമാണെങ്കില്‍ ഓഡിയോ സന്ദേശങ്ങളും ഹാജരാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യഹര്‍ജി ഉള്‍പ്പെടെ മൂന്ന് ഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്. നേരത്തെ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് തേടിയ കോടതി മുദ്രവച്ച കവറില്‍ മുഴുവന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിരുന്നു.