മൂന്നുദിവസം വിശ്രമിച്ചു; ഇനി കുതിപ്പ്: പവന് കൂടിയത് 280 രൂപ
Wednesday, September 11, 2024 12:33 PM IST
കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ മൂന്നുദിവസത്തെ വിശ്രമത്തിനു ശേഷം കുതിച്ച് സ്വർണവില. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 6,715 രൂപയിലും പവന് 53,720 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 25 രൂപ വർധിച്ച് 5,565 രൂപയിലെത്തി.
ഇന്നത്തെ വർധനയോടെ ഒരു മാസത്തിനുള്ളിലെ ഏറ്റവും ഉയർന്ന നിലയാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ശനിയാഴ്ച പവന് 320 രൂപ കുറഞ്ഞിരുന്നു. തുടർന്ന് മൂന്നു ദിവസമായി വില നിശ്ചലമായിരുന്നു.
20 ദിവസത്തിനിടെ ഏകദേശം 3000 രൂപ വര്‍ധിച്ച് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 53,720 രൂപയിലേക്ക് സ്വര്‍ണവില എത്തിയിരുന്നു. തുടര്‍ന്ന് ഏറിയും കുറഞ്ഞും നിന്ന ശേഷമാണ് വീണ്ടും അതേ നിരക്കിലെത്തിയത്.
അന്താരാഷ്ട്ര തലത്തിൽ, രാവിലെ ഫ്ലാറ്റ് നിലവാരത്തിലാണ് സ്വർണവ്യാപാരം നടക്കുന്നത്. ട്രോയ് ഔൺസിന് 0.25 ഡോളർ (0.01%) ഉയർന്ന് 2,519,.11ഡോളർ എന്നതാണ് നിരക്ക്.
അതേസമയം, വെള്ളിയുടെ വിലയും ഉയർന്നു. ഒരു രൂപയാണ് വർധിച്ചത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 90 രൂപയാണ്.