വിശ്വസ്തര്‍ മുഖ്യമന്ത്രിയെ ചതിച്ചു; പി. ശശിയും എഡിജിപിയും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തി: പി.വി. അൻവർ
Wednesday, September 11, 2024 2:46 PM IST
നിലമ്പുർ: എഡിജിപി എം.ആര്. അജിത്കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കുമെതിരേ വീണ്ടും ഗുരുതര ആരോപണങ്ങളുമായി പി.വി. അന്‍വര്‍ എംഎൽഎ.
എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി കണ്ടിരുന്നില്ലെന്നും ആ റിപ്പോര്‍ട്ട് അജിത്കുമാറും പി. ശശിയും ചേര്‍ന്ന് പൂഴ്ത്തുകയായിരുന്നുവെന്നും അന്‍വര്‍ ആരോപിച്ചു. വിശ്വസിക്കുന്നവർ ചതിച്ചാൽ ആർക്കും ഒന്നും ചെയ്യാനാവില്ല. മുഖ്യമന്ത്രിക്ക് ഇക്കാര്യം ബോധ്യം വരുന്നതോടെ അത് തിരുത്തുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ അടുത്തേക്ക് കാര്യങ്ങള്‍ എത്തുന്നില്ല. പി ശശിയെന്ന ബാരിക്കേഡില്‍ തട്ടി കാര്യങ്ങള്‍ നില്‍ക്കുകയാണ്. ലോകം മുഴുവന്‍ കുലുങ്ങിയാലും തനിക്ക് ബോധ്യപ്പെടുന്നത് വരെ മുഖ്യമന്ത്രി കുലുങ്ങില്ലെന്നും അൻവർ കൂട്ടിച്ചേർത്തു.
സന്ദീപാനന്ദ സ്വാമിയുടെ ആശ്രമം കത്തിച്ച കേസിൽ പ്രതികളെ രക്ഷിക്കാൻ പോലീസ് ശ്രമിച്ചെന്നും പിന്നീട് മുഖ്യമന്ത്രി ഇടപെട്ട് മറ്റൊരു സംഘത്തെ നിയോഗിച്ചാണ് പ്രതികളെ പിടികൂടിയതെന്നും അൻവർ ആരോപിച്ചു.
പോലീസിലെ ആർഎസ്എസ് സംഘം സർക്കാരിനെ പ്രതിസന്ധിയിലാക്കുകയാണ്. ഈ കേസ് അന്വേഷിച്ച ഡിവൈഎസ്പിയാണ് കേസ് വഴി തിരിച്ചുവിട്ടത്. ഈ ഉദ്യോഗസ്ഥൻ വിരമിച്ച ശേഷം, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ബൂത്ത് ഏജന്റ് ആയിരുന്നെന്നും പി.വി. അൻവർ പറഞ്ഞു.
പി.ശശി പൊളിറ്റിക്കൽ സെക്രട്ടറി എന്ന പദവി ഉത്തരവാദിത്തോടെ നിറവേറ്റുന്നില്ല. പോലീസിലെ പ്രശ്നങ്ങള്‍ അറിയാനും സർക്കാരിനെ അറിയിക്കാനുമാണ് പൊളിറ്റിക്കല്‍ സെക്രട്ടറിയെ നിയമിച്ചിട്ടുള്ളത്. ശശിക്കെതിരേ രണ്ട് ദിവസത്തിനകം പാര്‍ട്ടി സെക്രട്ടറിക്ക് പരാതി നല്‍കുമെന്നും അന്‍വര്‍ വ്യക്തമാക്കി.