ഓണക്കാലത്ത് ഞെട്ടിച്ച് സ്വർണവില; ഒറ്റയടിക്ക് 960 രൂപ കൂടി, ഈ മാസത്തെ റിക്കാർഡ് വില
Friday, September 13, 2024 11:55 AM IST
കൊച്ചി: സംസ്ഥാനത്ത് ഓണക്കാലത്ത് ഒറ്റയടിക്ക് കുതിച്ചുയർന്ന് സ്വർണവില. ഗ്രാമിന് 120 രൂപയും പവന് 960 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 6,825 രൂപയിലും പവന് 54,600 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 100 രൂപ വര്‍ധിച്ച് 5,660 രൂപയിലെത്തി.
വ്യാഴാഴ്ച പവന് 80 രൂപ കുറഞ്ഞതിനു ശേഷമാണ് ഇന്നു കുതിച്ചുയർന്നത്. കഴിഞ്ഞ മാസം 20 ദിവസത്തിനിടെ ഏകദേശം 3000 രൂപ വര്‍ധിച്ച് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 53,720 രൂപയിലേക്ക് സ്വര്‍ണവില എത്തിയിരുന്നു. തുടര്‍ന്ന് ഏറിയും കുറഞ്ഞും നില്‍ക്കുകയായിരുന്നു സ്വര്‍ണവില.
ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരവും. തുടര്‍ന്ന് വില പടിപടിയായി ഉയരുന്നതാണ് ദൃശ്യമായത്. ഒരാഴ്ചയ്ക്കിടെ ഏകദേശം 1300 രൂപയാണ് വര്‍ധിച്ചത്.
ആഗോള സ്വര്‍ണവില ഔണ്‍സിന് വ്യാഴാഴ്ച 2,550 കടന്നിരുന്നു. ഇന്ന് വീണ്ടും കുതിച്ച് 2,567 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
അതേസമയം, വെള്ളിയുടെ വിലയിലും വർധന വർധന രേഖപ്പെടുത്തി. ഗ്രാമിന് മൂന്നുരൂപ ഉയർന്ന് 93 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.