ആലപ്പുഴയിൽ ഡോക്ടറെ കൈയേറ്റം ചെയ്ത രോഗി അറസ്റ്റിൽ
Monday, September 16, 2024 12:57 AM IST
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജിൽ ഡോക്ടറെ കൈയേറ്റം ചെയ്ത സംഭവത്തിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തകഴി സ്വദേശി ഷൈജുവിനെയാണ് പോലീസ് പിടികൂടിയത്.
ശസ്ത്രക്രിയ അത്യാഹിത വിഭാഗത്തിലെ ഡോക്ടർ അഞ്ജലിക്കുനേരേയാണ് കൈയേറ്റമുണ്ടായത്. രോഗിയുടെ നെറ്റിയിൽ തുന്നൽ ഇടുന്നതിനിടെയായിരുന്നു ആക്രമണം.
ഇയാൾ ഡോക്ടറുടെ കൈ പിടിച്ച് തിരിക്കുകയായിരുന്നു. ചികിത്സയ്ക്കെത്തിയ രോഗി മദ്യ ലഹരിയിൽ ആയിരുന്നുവെന്ന് ഡോക്ടർ പറയുന്നു.
തകഴിയിലെ വീട്ടിൽ നിന്നാണ് ഷൈജുവിനെ പോലിസ് അറസ്റ്റ് ചെയ്തത്. അക്രമം നടത്തിയതിന് ശേഷം ഇയാൾ ആശുപത്രിയിൽ നിന്നും കടന്നുകളയുകയായിരുന്നു.