നടിയെ ആക്രമിച്ച കേസ്; ബദല്‍ കഥകള്‍ മെനയാന്‍ ദിലീപ് ശ്രമിക്കുന്നെന്ന് കേരളം സുപ്രീംകോടതിയില്‍
Monday, September 16, 2024 11:15 AM IST
ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപിനെതിരേ കേരളം സുപ്രീംകോടതിയില്‍. കേസുമായി ബന്ധപ്പെട്ട വാദത്തില്‍ അടിസ്ഥാനരഹിതമായ ബദല്‍ കഥകള്‍ മെനയാന്‍ പ്രതി ദിലീപ് ശ്രമിക്കുന്നെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച സത്യാവാംഗ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. തെളിവുകള്‍ അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടാണ് ദിലീപിന്റെ നടപടിയെന്നും സത്യാവാംഗ്മൂലത്തില്‍ പറയുന്നു.
അതേസമയം പള്‍സര്‍ സുനിക്ക് ജാമ്യം നല്‍കുന്നതിനെ സര്‍ക്കാര്‍ കോടതിയില്‍ ശക്തമായി എതിര്‍ത്തു. ജാമ്യം അനുവദിച്ചാല്‍ പ്രതി മുങ്ങാനുള്ള സാധ്യതയുണ്ട്. ആക്രമിക്കപ്പെട്ട നടിയെ അടക്കം ഭീഷണിപ്പെടുത്തിയേക്കാം.
ഇയാള്‍ പുറത്തിറങ്ങിയാല്‍ നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ അടക്കം പുറത്തുപോകാനുള്ള സാഹചര്യം ഉണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ചൊവ്വാഴ്ചയാണ് പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുക.