കടലില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു
Wednesday, September 18, 2024 11:02 PM IST
തിരുവനന്തപുരം: കടലില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥി തിരയില്‍പ്പെട്ട് മുങ്ങിമരിച്ചു. ശംഖുംമുഖം ആഭ്യന്തര ടെര്‍മിനലിനു സമീപം കൊച്ചുതോപ്പ് ജൂസാ റോഡില്‍ സാജുവിന്റെയും ദിവ്യയുടെയും മകനായ എനോഷ് (13) ആണ് മരിച്ചത്.
ഇന്ന് വൈകിട്ടാണ് സംഭവം. എനോഷും കുട്ടുകാരും ജൂസാ റോഡ് ഭാഗത്തെ കടല്‍ത്തീരത്ത് ഫുട്ബോള്‍ കളിക്കാന്‍ എത്തിയിരുന്നു. തുടര്‍ന്ന് ആറോടെ ഇവര്‍ സംഘമായി കടലില്‍ കുളിക്കാന്‍ ഇറങ്ങുകയായിരുന്നു. കുളിക്കുന്നതിനിടെ എനോഷ് വലിയ തിരയില്‍പ്പെട്ടു.
എനോഷിനെ കൊച്ചുതോപ്പ് സ്വദേശികളായ ഫിജി, അജയ് എന്നിവര്‍ വലിച്ച് കരയിലേക്ക് കയറ്റി. ഉടൻതന്നെ ശംഖുംമുഖത്തെ സ്വകാര്യ നഴ്സിംഗ് ഹോമിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല
വഞ്ചിയൂര്‍ സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് എനോഷ്. സഹോദരിമാര്‍: ഇവാഞ്ചല്‍, നയോമി.