അര്‍ജുനെ കണ്ടെത്തണം; ഷിരൂരിൽ നാലാംഘട്ട ദൗത്യം ഉടന്‍ ആരംഭിക്കും
Thursday, September 19, 2024 8:29 AM IST
ബംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്ജുന് ഉള്‍പ്പടെയുള്ളവര്‍ക്കായുള്ള തിരച്ചില്‍ ഇന്ന് പുനഃരാഭിക്കും. ഡ്രഡ്ജര്‍ ഇന്ന് തന്നെ ഷിരൂരിലെത്തിക്കും. ഗംഗാവലി പുഴയിലെ പാലത്തിനടിയിലൂടെ പോകേണ്ടതിനാല്‍ വേലിയിറക്ക സമയയത്താകും ഡ്രഡ്ജര്‍ ഷിരൂരിലേക്ക് കൊണ്ടുപോവുക.
കഴിഞ്ഞദിവസം ഡ്രഡ്ജര്‍ ഗോവയില്‍ നിന്നും കാര്വാറിലെത്തിച്ചിരുന്നു. കാലാവസ്ഥ അനുകൂലമായതിനാല്‍ ഉടന്‍തന്നെ തിരച്ചില്‍ പൂര്‍ത്തിയാക്കുവാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
വ്യാഴാഴ്ച നാവിക സേന സംഘം ഷിരൂരില്എത്തി പുഴയിലെ ഒഴുക്ക് പരിശോധിക്കും. അര്‍ജുന്റെ ലോറി ഉണ്ടെന്ന് സംശയിക്കുന്ന പോയിന്റില്‍ പുഴയുടെ ഘടന എങ്ങനെയാണെന്ന് അടക്കം നാവിക സേന വിലയിരുത്തും. സോണാര്‍ സിഗ്നല്‍ പരിശോധനകള്‍ അടക്കം നടത്തിയ ശേഷമായിരിക്കും തിരച്ചില്‍ ആരംഭിക്കുക.
ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്ജുന് അടക്കം മൂന്ന് പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ജൂലൈ പതിനാറിനാണ് ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ അര്‍ജുനെ കാണാതായത്. അര്‍ജുനൊപ്പം ലോറിയും കാണാതായി.
മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് ലോറി അകപ്പെട്ടതാകാമെന്നായിരുന്നു ആദ്യം ഉയര്‍ന്ന സംശയം. ഇതിന്റെ അടിസ്ഥാനത്തില്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശത്തെ മണ്ണ് നീക്കം ചെയ്ത് പരിശോധന നടത്തി. എന്നാല്‍ ലോറി കണ്ടെത്താനായിരുന്നില്ല.
തുടര്‍ന്നാണ് സോണാര്‍ പരിശോധനയില്‍ ഗംഗാവലി പുഴയില്‍ ലോഹ സാന്നിധ്യം കണ്ടെത്തിയത്. എന്നാല്‍ മോശം കാലാവസ്ഥയും പുഴയിലെ ശക്തമായ അടിയൊഴുക്കും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാവുകയായിരുന്നു.