പോലീസ് ആസ്ഥാനത്ത് പാതിരാത്രി വരെ നീണ്ട യോഗം; എഡിജിപിക്കെതിരായ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും
Saturday, October 5, 2024 2:39 PM IST
തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത്കുമാറിനെതിരായ ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ച സംസ്ഥാന പോലീസ് മേധാവി ഉൾപ്പെട്ട സംഘത്തിന്റെ റിപ്പോർട്ട് ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും. റിപ്പോർട്ടിന്റെ അന്തിമ രൂപം തയാറാക്കാനായി പോലീസ് ആസ്ഥാനത്ത് രാത്രി ഏറെ വൈകിയും യോഗം ചേർന്നിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരം ആരംഭിച്ച യോഗം ഏതാണ്ട് എട്ട് മണിക്കൂറോളം നീണ്ട് പാതിരാത്രി കഴിഞ്ഞാണ് അവസാനിച്ചതെന്നാണ് വിവരം. പി.വി.അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളും എഡിജിപിയുടെ ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയും അടങ്ങുന്ന റിപ്പോർട്ടാണ് ഇന്ന് സമർപ്പിക്കുന്നത്.
പോലീസ് ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ സംസ്ഥാന പോലീസ് മേധാവി ഷേഖ് ദർബേഷ് സാഹിബിന് പുറമെ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരായ സിറ്റി പോലീസ് കമ്മീഷണർ ജി. സ്പർജൻ കുമാർ, തൃശൂർ റേഞ്ച് ഡി ഐ ജി തോംസൺ ജോസ്, എസ്പി മാരായ മധുസൂദനൻ, ഷാനവാസ് എന്നിവരാണു പങ്കെടുത്തത്.
ഔദ്യോഗിക വാഹനം പോലും ഒഴിവാക്കി സംസ്ഥാന ആർഎസ്എസ് നേതാക്കളുടെ സ്വകാര്യ വാഹനത്തിൽ തൃശൂരിലും കോവളത്തുംവച്ച് ആർഎസ്എസിന്റെ രണ്ട് ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എഡിജിപി എം.ആർ.അജിത്കുമാറിന്റെ ഭാഗത്തു സിവിൽ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ട ലംഘനമുണ്ടായെന്നും ഡിജിപി ഷേഖ് ദർബേഷ് സാഹിബിന്റെ റിപ്പോർട്ടിലുണ്ടെന്നാണു സൂചന.
ആരോപണങ്ങളിൽ ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിർദേശം. ഈ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. റിപ്പോർട്ട് ലഭിച്ച ശേഷം എ ഡി ജിപി ക്കെതിരെയുള്ള നടപടിയുടെ കാര്യം തീരുമാനിക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.
അതേസമയം എഡിജിപിക്കെതിരേ വിജിലൻസ് അന്വേഷണവും നടക്കുന്നുണ്ട്. കൂടാതെ തൃശൂർ പൂരം കലക്കിയെന്ന ആരോപണത്തിൽ ത്രിതല അന്വേഷണത്തിനും മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു. ക്രൈം ബ്രാഞ്ച്, ഇന്റലിജൻസ് അനേഷണം ഉൾപ്പെടെയാണ് ത്രിതല അന്വേഷണം.
എം.ആർ.അജിത്കുമാറിനെ ക്രമസമാധാനചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് നീക്കണമെന്ന ആവശ്യം ഇടതുമുന്നണിയിൽ ഉന്നയിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും നടപടി എടുക്കാത്തതിൽ സിപിഐക്ക് അതൃപ്തിയുണ്ട്.
ക്രമസമാധാന ചുമതലയിൽ നിന്ന് എഡിജിപി എം.ആർ. അജിത്കുമാറിനെ മാറ്റണമെന്ന സിപിഐയുടെ ആവശ്യത്തിൽ ഡിജിപിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ വ്യക്തമാക്കിയിരുന്നു. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നു തിങ്കളാഴ്ചയ്ക്കകം ഒഴിവാക്കണമെന്നു സിപിഐ മന്ത്രിമാർ ആവശ്യം ഉന്നയിച്ചിരുന്നു. ഡിജിപിയുടെ റിപ്പോർട്ടിനുശേഷം അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റി നിർത്തിയേക്കും.