പുഷ്പ 2 റിലീസിനിടെയുണ്ടായ ദുരന്തം; അല്ലു അർജുനെതിരെ കേസെടുക്കും
Thursday, December 5, 2024 7:40 PM IST
ഹൈദരാബാദ്: പുഷ്പ 2വിന്റെ പ്രീമിയറിനിടെ ഉണ്ടായ ദുരന്തത്തിൽ നടൻ അല്ലു അർജുനെതിരെ കേസ് എടുക്കും. അല്ലു അർജുന് പുറമെ സെക്യൂരിറ്റി ടീമിനും സന്ധ്യ തീയറ്റർ മാനേജ്മെന്റിനും എതിരെയും കേസെടുക്കും.
ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി ആവശ്യത്തിന് സുരക്ഷാമാനദണ്ഡങ്ങൾ സ്വീകരിക്കാത്തതിനാണ് തീയറ്റർ മാനേജ്മെന്റിനെതിരെ നടപടി. സംഭവത്തെക്കുറിച്ച് അല്ലു അർജുനോ തീയറ്റർ മാനേജ്മെന്റോ പ്രതികരിച്ചിട്ടില്ല.
അല്ലു അർജുൻ തീയറ്റർ സന്ദർശിക്കുമെന്ന് തീയറ്റർ മാനേജ്മെന്റിന്റെയോ നടന്റെ ടീമിന്റെയോ ഭാഗത്ത് നിന്നും അറിയിപ്പൊന്നും ലഭിച്ചിരുന്നില്ലെന്ന് ഹൈദരാബാദ് പോലീസ് കമ്മീഷണർ സി.വി. ആനന്ദ് പ്രസ്താവനയിൽ പറഞ്ഞു.
തീയറ്റർ മാനേജ്മെന്റിന് അവരുടെ വരവ് അറിയാമായിരുന്നിട്ടും നടനും സംഘത്തിനും വരാനും പോകാനും പ്രത്യേക സൗകര്യമൊരുക്കിയിരുന്നില്ലെന്നും പോലീസ് പറഞ്ഞു.
പുഷ്പ 2 റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മരിച്ചത് ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതി (39)യാണ്. അപകടത്തിൽ ഭർത്താവ് ഭാസ്ക്കറിനും രണ്ട് മക്കൾക്കും പരിക്കേറ്റിട്ടുണ്ട്.