സിറിയയിൽ ആക്രമണം രൂക്ഷം; ഇന്ത്യൻ പൗരൻമാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം
Saturday, December 7, 2024 9:03 AM IST
ന്യൂഡൽഹി: സിറിയയിൽ ആഭ്യന്തര കലാപം രൂക്ഷമായ പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരൻമാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം. സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് ഇന്ത്യ പൗരന്മാരോട് അഭ്യർഥിച്ചു.
സിറിയയിലേക്ക് യാത്ര ചെയ്യുന്നവർക്കുള്ള യാത്രാ ഉപദേശവും വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. സാധ്യമായവർ ലഭ്യമായ ഏറ്റവും നേരത്തെയുള്ള വാണിജ്യ വിമാനങ്ങളിൽ മടങ്ങാനും നിർദ്ദേശമുണ്ട്.
നിലവിൽ സിറിയയിലുള്ള ഇന്ത്യക്കാർ ദമാസ്കസിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാനും എംഇഎ നിർദ്ദേശിച്ചു. +963 993385973 എന്ന നമ്പറിൽ എംബസിയെ ബന്ധപ്പെടാം, വാട്ട്സ്ആപ്പിലും ലഭ്യമാണ്, [email protected] എന്ന ഇ-മെയിലിലുടെയും എംബസിയുമായി ബന്ധപ്പെട്ടാം.
തഹ്രീർ അൽ ഷാം (എച്ച്ടിഎസ്) തീവ്രവാദ സംഘടനയുടെ നേതൃത്വത്തിലുള്ള വിമതർ സിറിയയിലെ നിരവധി പ്രധാന നഗരങ്ങൾ ഇതിനോടകം പിടിച്ചെടുത്തെന്നാണ് റിപ്പോർട്ട്. 14 വർഷത്തോളം നീണ്ട സിറിയൻ ആഭ്യന്തരയുദ്ധത്തിൽ ദീർഘകാലമായി നിലനിന്നിരുന്ന സ്തംഭനാവസ്ഥയാണ് ആക്രമണം തകർത്തത്.